Kerala

ഈ സമരം ജനങ്ങളുടെ മനസാക്ഷിയെ ഉണര്‍ത്തുന്നതിന് വേണ്ടി… ചോരയൊലിക്കുന്ന മുഖവുമായി വി.ടി ബല്‍റാം

ഈ സമരങ്ങള്‍ ഇവിടെ നടക്കുമ്പോള്‍ കേരളത്തിന്‍റെ ഒരു മന്ത്രി ദേശീയ കുറ്റാന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. വിടി ബല്‍റാം കൂട്ടിച്ചേര്‍ത്തു

മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിന് ലാത്തിച്ചാര്‍ജില്‍ തലയില്‍ പരിക്കേറ്റു. ഈ സമരം മനസാക്ഷിയെ ഉണര്‍ത്തുന്നതിന് വേണ്ടിയുള്ളതാണെന്നും കേരളം കണ്ട ഏറ്റവും വലിയ കള്ളക്കടത്ത് സര്‍ക്കാര്‍ സ്ഥാനമൊഴിയണെന്നും ബല്‍റാം ആരോപിച്ചു.

സമരത്തിന്‍റെ ഉദ്ഘാടന പ്രസംഗം തുടങ്ങിയപ്പോള്‍ത്തന്നെ പൊലീസ് ആക്രമിക്കാന്‍ തുടങ്ങി. ഒരു പ്രകോപനവുമില്ലാതെ വാട്ടര്‍ ജെറ്റ് ഉപയോഗിച്ചു, യാതൊരു മുന്നറിയിപ്പുമില്ലാതെ ഗ്രെനൈഡ് ഉപയോഗിച്ചു, ക്രൂരമായ ലാത്തി ചാര്‍ജ് നടത്തി. എന്‍റെ തലക്ക് നേരെ അടി കിട്ടിയത് പൊലീസുകാരെല്ലാം നോക്കി നില്‍ക്കെയാണ്. അതു കാര്യമാക്കുന്നില്ല, പക്ഷെ, ചെറുപ്പക്കാരായ എന്‍റെ സഹ പ്രവര്‍ത്തകര്‍ക്ക് അതി ക്രൂരമായ മര്‍ദ്ദനം നേരിടേണ്ടി വന്നു. അപ്പൊഴും അറസ്റ്റുമായി സമാധാനപരമായി ഞങ്ങള്‍ സഹകരിച്ചു. ബല്‍റാം പറഞ്ഞു.

പൊലീസ് സ്റ്റേഷനില്‍വെച്ച് ഞങ്ങളുടെ വനിത നേതാവിനെ നാഭിക്ക് ചവിട്ടിയ പൊലീസുകാരെ മുന്നില്‍ കൊണ്ടുവരണം എന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. കാരണം, ആ ക്രൂരകൃത്യം നടത്തിയത് ഒരു പുരുഷ പൊലീസായിരുന്നു. ഇതിന്‍റെയെല്ലാം പ്രകോപനമെന്താണ്, ഒരു പൊലീസുകാരന് പോലും പരിക്കേറ്റിട്ടില്ല. എന്നിട്ടും ഈ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചവരെ വെളിച്ചത്ത് കൊണ്ടുവരണം. അദ്ദേഹം പറഞ്ഞു.

ഈ സമരം പൊലീസിനെതിരെയല്ല, ജനങ്ങളുടെ മനസാക്ഷിയെ ഉണര്‍ത്തുന്നതിന് വേണ്ടിയാണ്. കേരളം കണ്ട ഏറ്റവും വലിയ കള്ളക്കടത്ത് സര്‍ക്കാര്‍ സ്ഥാനമൊഴിയണം. ഈ സമരങ്ങള്‍ ഇവിടെ നടക്കുമ്പോള്‍ കേരളത്തിന്‍റെ ഒരു മന്ത്രി ദേശീയ കുറ്റാന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. വിടി ബല്‍റാം കൂട്ടിച്ചേര്‍ത്തു.