Kerala

വിശ്വനാഥന്റെ മരണം; കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ്

കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് ദുരൂഹത സാഹചര്യത്തിൽ ആദിവാസി യുവാവ് വിശ്വനാഥൻ മരിച്ച സംഭവത്തിൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നു. ഭാര്യയുടെ പ്രസവത്തിനായി വിശ്വനാഥൻ മെഡിക്കൽ കോളജിൽ എത്തിയ ദിവസം മുതലുള്ള ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്.

കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ടം വിശ്വനാഥനെ ചോദ്യം ചെയ്‌തെന്ന് പറയപ്പെടുന്ന ദിവസത്തെ ദൃശ്യങ്ങളിൽ നിന്ന് കൂടുതൽ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി. അന്നേദിവസം ആശുപത്രി പരിസരത്തുണ്ടായിരുന്ന 450 കൂട്ടിരിപ്പുകാരുടെ മൊഴി രേഖപ്പെടുത്തുന്നതും തുടരുകയാണ്. ഇതുവരെ 72 പേരുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും നിർണായക വിവരങ്ങൾ ലഭിച്ചിട്ടില്ല.

ഇതിനിടയിൽ പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് സാമൂഹ്യ പ്രവത്തക കെ.അജിതയുടെ നേതൃത്വത്തിൽ സി പി ഐ എം എൽ റെഡ്സ്റ്റാർ ഇന്ന് കമ്മിഷണർ ഓഫിസിലേക്ക് മാർച്ച് നടത്തും.

കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായ വിശ്വനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത് ഫെബ്രുവരി 11നാണ്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ ചോദ്യം ചെയ്‌തെന്നും ഇതിൽ സങ്കടവും ദേഷ്യവും ഉണ്ടായിരുന്നെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
ഭാര്യയുടെ പ്രസവത്തിന് വേണ്ടിയാണ് നാൽപ്പത്തിയാറുകാരനായ വിശ്വനാഥൻ വയനാട്ടിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. വ്യാഴാഴ്ച രാത്രി മുതൽ ഇയാളെ കാണാനില്ലന്ന് ബന്ധുക്കൾ പൊലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്ന ഫെബ്രുവരി 11ന് പുലർച്ചെയാണ് ആശുപത്രിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ മരത്തിൽ 15 മീറ്ററോളം ഉയരത്തിൽ തൂങ്ങി മരിച്ച നിലയിൽ വിശ്വനാഥന്റെ മൃതദേഹം കണ്ടെത്തിയത്.