Kerala

പച്ച പുതച്ച് മതികെട്ടാന്‍; മതിവരില്ല ഇവിടുത്തെ കാഴ്ചകള്‍

കഞ്ചാവ് മാഫിയയുടെയും കയ്യേറ്റക്കാരുടെയും കേന്ദ്രമായിരുന്നു ഒരു കാലത്ത് ഇടുക്കി ജില്ലയുടെ അതിർത്തിയിലുള്ള മതികെട്ടാന്‍ചോല

കഞ്ചാവ് മാഫിയയുടെയും കയ്യേറ്റക്കാരുടെയും കേന്ദ്രമായിരുന്നു ഒരു കാലത്ത് ഇടുക്കി ജില്ലയുടെ അതിർത്തിയിലുള്ള മതികെട്ടാന്‍ചോല. എന്നാല്‍ ഇന്ന് മനുഷ്യരാല്‍ തന്നെ സംരക്ഷിക്കപ്പെടുന്നു മതികെട്ടാന്‍ചോല ദേശീയ ഉദ്യാനം. പരിസ്ഥിതി പ്രവർത്തകരുടെയും മറ്റും ഇടപെടല്‍ തന്നൊണ് മതികെട്ടാന്‍ മലനിര ഇന്നും പച്ചപുതച്ച് നിലകൊള്ളാന്‍ കാരണം.

ആരെയും അല്‍ഭുതപ്പെടുത്തുന്നതും അമ്പരപ്പിക്കുന്നതുമായ വനം. തമിഴില്‍ അതാണ് മതികെട്ടാന്‍ ചോല. തമിഴ്നാട്ടിലെ ചൂട് കാറ്റിനെ തണുപ്പിച്ച് ഇടുക്കിയുടെ ഹൈറേഞ്ചിന് സമ്മാനിക്കുന്ന മതികെട്ടാന്‍ ചോല 12.817 ചതുരശ്ര കിലോമീറ്റർ വനപ്രദേശമാണ്. ഒരുകാലത്ത് നീലച്ചടയന്‍റെ വിളനിലം, പിന്നീട് അത് കയ്യേറ്റത്തിലേക്ക് മാറിയപ്പോള്‍ വനം വരമെന്ന് തിരിച്ചറിവുള്ളവർ നടത്തിയ പോരാട്ടത്തിന്‍റെ വിജയം കൂടിയാണ് ഇന്നത്തെ മതികെട്ടാന്‍ കാഴ്ച. 2003ലാണ് മതികെട്ടാന്‍ ചോലയെ ദേശീയ ഉദ്യാനമാക്കുന്നത്. 1500ല്‍ അധികം അപൂർവ ഇനം ഔഷധ സസ്യങ്ങളുണ്ട് മതിക്കെട്ടാന്‍ മലനിരകളിലെന്നാണ് പഠനം. ആനയും, കാട്ടുപോത്തും പുള്ളിപ്പുലിയും മാനും കേഴയുമൊക്കെ വാഴുന്ന ഇടം.

രാജകുമാരി, രാജാക്കാട്, സേനാപതി തുടങ്ങിയ പഞ്ചായത്തുകളിലെത്തുന്ന വിവിധ കുടിവെള്ള പദ്ധതികള്‍ ഇവിടുന്ന് ഉല്‍ഭവിക്കുന്ന പന്നിയാർ പുഴയില്‍നിന്നാണ്. ജുറാസിക് കാലത്തെ ഓർമിപ്പിക്കുന്ന പടുകൂറ്റന്‍ വൃക്ഷങ്ങള്‍ മതികെട്ടാന്‍ചോലയുടെ മറ്റൊരു പ്രത്യേകതയാണ്. ഇന്ന് മനുഷ്യന്‍റെ കാല്‍പ്പാട് പതിയുന്നത് വിരളമായതുകൊണ്ടുതന്നെ മതികെട്ടാന്‍ചോലയിലെ കാഴ്ച വന്യവും സുന്ദരവുമാണ്. കടന്നുപോകുന്ന ഓരോ പരിസ്ഥിതി ദിനവും മതികെട്ടാനിലുണ്ടായ ഇടപെടലുകളുടെ ഓർമപ്പെടുത്തലും.