India Kerala

രോഹിത്ത് വെമുല സമര നായകന്‍ ആന്ധ്ര തെരഞ്ഞെടുപ്പില്‍ മത്സരിക്കും

ബി.എസ്.പി സ്ഥാനാർഥിയായി ആന്ധ്രപ്രദേശ് നിയമസഭയിലേക്ക് മത്സരിക്കുന്ന വിജയ് കുമാർ പെദ്ദപുടി കേവലം ഒരു മത്സരാർഥിയല്ല. രോഹിത്ത് പ്രക്ഷോഭത്തിന് ശേഷം ഇന്ത്യൻ ക്യാമ്പസുകളിൽ അരങ്ങേറിയ പുത്തൻ മുന്നേറ്റത്തിന്റെ തുടർച്ചയാണത്. ഹെെദരാബാദ് കേന്ദ്ര സർവകലാശയിൽ തുടക്കം കുറിച്ച രോഹിത്ത് വെമുല പ്രക്ഷോഭത്തിന്റെ അമരക്കാരിൽ ഒരാളാണ് ഹെെദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷണ വിദ്യാർഥിയായിരുന്ന വിജയ് കുമാർ.

സർവകലാശാലയിൽ നിന്നും രോഹിത്ത് വെമുലക്കൊപ്പം പുറത്താക്കപ്പെട്ട അഞ്ച് പേരിൽ ഒരാളായിരുന്നു വിജയ് കുമാർ പെദ്ദപുടി. ഇരുവർക്കുമൊപ്പം വി.സി അപ്പ റാവു പുറത്താക്കിയ ശേഷു, ദൊന്ത പ്രശാന്ത്, സുങ്കണ്ണ എന്നിവർ ക്യാമ്പസിൽ ടെന്റ് കെട്ടി പ്രതിഷേധിക്കുന്നതിനിടെയാണ്, കേന്ദ്ര മന്ത്രാലയത്തിൽ നിന്നുള്ള ഇടപെടലുകൾ ഉൾപ്പടെ, സർവകലാശാലയുടെ ഭാഗത്ത് നിന്നുള്ള പീഡനത്തെ തുടർന്ന് രോഹിത് വെമുല ആത്മാഹുതി ചെയ്യുന്നത്. ഇത് പിന്നീട് ദേശവ്യാപകമായ വിദ്യാർഥി പ്രക്ഷോഭത്തിനാണ് വഴിവെച്ചത്.


ആന്ധ്ര പ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിലൂടെയാണ് വിജയ് കുമാർ തന്റെ രാഷ്ട്രീയ രംഗപ്രവേശം നടത്തുന്നത്. ആന്ധ്രയിലെ ജനറൽ‌ സീറ്റായ പർചുരു മണ്ഡലത്തിൽ നിന്നാണ് വിജയ് ജനവിധി തേടുന്നത്. ഹെെദരാബാദ് യൂണിവേഴ്സിറ്റിയിലെ ജീവിതം തന്റെ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയെന്ന് പറഞ്ഞ വിജയ്, ദലിത് വിഭാഗങ്ങൾ സംവരണ മണ്ഡലത്തിലേ മത്സരിക്കാവു എന്നും ജനറൽ സീറ്റുകൾ സവർണർക്കാണെന്നുമുള്ള തെറ്റായ കീഴ്‍വഴക്കം ഇവിടെ നിലനിൽക്കുന്നതായും പറഞ്ഞു.

ക്യാമ്പസിലെ വിദ്യാർഥി സമര-പോരാട്ടങ്ങളിൽ മുന്നണി പോരാളിയായ വിജയ്, ദലിത്-പിന്നോക്കക്കാരുടെ അവകാശങ്ങൾക്കായി നിലകൊള്ളുകയും കാമ്പസിലെ അംബേദ്ക്കർ സ്റ്റുഡന്റ്സ് അസോസിയേഷനിൽ (എ.എസ്.എ) സജീവമായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. രോഹിത് വെമുല പ്രക്ഷോഭത്തിനിടെ യൂണിവേഴ്സിറ്റിയിൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ എ.എസ്.എ സ്ഥാനാർത്തിയായി മത്സരിച്ച വിജയ് കുമാർ, മറ്റു സഖ്യകക്ഷികൾക്കെതിരെ കാമ്പസിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയുണ്ടായി.


ആന്ധ്ര പ്രദേശിലെ പ്രകസം ജില്ലയിലുള്ള മുപ്പല്ല പ്രദേശത്ത് നിന്നുള്ള വിജയ് കുമാര്‍, എ.എസ്.എ ആന്ധ്ര പ്രദേശ് യൂണിറ്റ് അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആന്ധ്ര ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പിനായി സി.പി.ഐ, സി.പി.എം, പവന്‍ കല്യാണിന്റെ ജന സേന പാർട്ടികളുമായി സഖ്യം രൂപീകരിച്ചിട്ടുണ്ട് ബി.എസ്.പി. സംസ്ഥാനത്ത് നിന്നുള്ള 175 നിയമസഭാ സീറ്റുകളിൽ 21 ഇടങ്ങളിലാണ് ബി.എസ്.പി മത്സരിക്കുന്നത്. 25 ലോക്സഭാ മണ്ഡലങ്ങളിൽ മൂന്ന് സീറ്റുകളിലും പാർട്ടി മത്സരിക്കും. ഏപ്രിൽ 11നാണ് ആന്ധ്രാ പ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.