പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. അന്വേഷണത്തോട് സഹകരിക്കുമെന്ന് ചോദ്യം ചെയ്യലിന് മുമ്പ് ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിന് തടസമില്ലെന്ന് സ്പീക്കറും അറിയിച്ചു.
രാവിലെ 11 മണിയോടെയാണ് പൂജപ്പുര വിജിലൻസ് സ്പെഷ്യൽ സെൽ ഓഫീസിൽ വി.കെ ഇബ്രാഹിം കുഞ്ഞ് ഹാജരായത്. മൂന്ന് സെറ്റ് ചോദ്യാവലിയാണ് വിജിലൻസിന്റെ പക്കലുള്ളത്. ടി.ഒ സൂരജിന്റെ മൊഴി, കമ്പനി അധികൃതരുടെ മൊഴി, വിജിലൻസ് കണ്ടെത്തിയ തെളിവുകൾ ഇവയെ അടിസ്ഥാനപ്പെടുത്തിയാണ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. വിജിലൻസിന്റെ കിഴക്കൻ മേഖലാ എസ്.പി വിനോദ് കുമാർ, അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി വി. ശ്യാം കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. അന്വേഷണത്തോട് താൻ തുടക്കം മുതൽ സഹകരിക്കുന്നുണ്ടെന്ന് ചോദ്യം ചെയ്യലിന് മുമ്പ് വി.കെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. വിജിലൻസ് കണ്ടെത്തിയ തെളിവുകൾ വി കെ ഇബ്രാഹിം കുഞ്ഞിന് എതിരാണ് . അതു കൊണ്ട് തന്നെ അറസ്റ്റ് ഒഴിവാക്കാനാകില്ല. ഇന്ന് അറസ്റ്റ് ഉണ്ടാകുമോ എന്നത് മാത്രമാണ് ചോദ്യം. അറസ്റ്റിന് തടസമില്ലെന്ന് സ്പീക്കറും അറിയിച്ചു. പാലാരിവട്ടം മേൽപ്പാല നിർമാണത്തിൽ ഗൂഢാലോചന നടത്തിയെന്നും തട്ടിപ്പ് നടത്തിയെന്നുമാണ് കേസ്.