പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും . തിരുവനന്തപുരത്തെ വിജിലൻസ് ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ തവണ നടത്തിയ ചോദ്യം ചെയ്യലില്‍ ഇബ്രാംഹി കുഞ്ഞ് നല്‍കിയ പല മൊഴികളിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ മൂന്നാം തവണയാണ് വിജിലൻസ് ചോദ്യം ചെയ്യുന്നത്.ഇന്ന് തിരുവനന്തപുരത്തെ വിജിലന്‍സ് ഓഫീസിലെത്താന് ഇബ്രാഹിംകുഞ്ഞിന് കഴിഞ്ഞ ദിവസം വിജിലന്‍സ് നോട്ടീസ് നല്കിയിരുന്നു. അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ലഭിച്ച ശേഷം കഴിഞ്ഞ 15 ന് തിരുവനന്തപുരത്ത് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. 25 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു മൂന്ന് മണിക്കൂറോളം മൊഴിയെടുത്തത്. എന്നാല്‍ പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ ഇബ്രാഹിം കുഞ്ഞിനായില്ലന്നാണ് വിവരം. വാസ്തവിരുദ്ധമായ മൊഴിയാണ് നല്‍കിയതെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
പാലം അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി ഇത് വരെ ശേഖരിച്ച തെളിവുകളും ഇബ്രാഹിംകുഞ്ഞിന്‍റെ മൊഴികളും താരതമ്യം ചെയ്ത ശേഷമാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്. കരാറുകാരനെ സഹായിക്കാൻ പ്രതികള്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് വിജിലന്‍സ് കേസ്. അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ സാക്ഷിയെന്ന നിലയില്‍ ഇബ്രാഹിം കുഞ്ഞിന്‍റെ മൊഴിയെടുത്തിയിരുന്നു. പിന്നീട് കേസിലെ പ്രതിയായ ടി.ഒ സൂരജ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനെതിരെ കൂടുതല്‍ അന്വേഷണം നടത്തുന്നത്.