പാലാരിവട്ടം മേൽപാലം അഴിമതിയില്‍ ഉന്നത രാഷ്ട്രീയ നേതാക്കൾക്ക് ഗൂഢാലോചനയിൽ പങ്കെന്ന് വിജിലൻസ്. കരാറുകാരൻ സുമിത് ഗോയലിന് രാഷ്ട്രീയ നേതാക്കൾ ആരെല്ലാമെന്ന് അറിയാം. കൈക്കൂലി വാങ്ങിയ പൊതുപ്രവർത്തകരുടെ പേര് വെളിപ്പെടുത്താൻ സുമിത് ഗോയൽ ഭയക്കുന്നുവെന്നും വിജിലന്‍സ്. സുമിത് ഗോയലിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി.
സര്‍ക്കാരിന്‍റെ പണം പോയത് ആര്‍.ഡി.എസ് കമ്പനിയുടെ ബാധ്യത തീര്‍ക്കാനാണ്. പാലം നിര്‍മാണത്തിന് തുക ഉപയോഗിച്ചില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യംചെയ്തിരുന്നു. പാലാരിവട്ടം പണമിടപാട് സംബന്ധിച്ച എല്ലാ രേഖകളിലും ഇബ്രാഹിം കുഞ്ഞ് ഇടപെട്ടിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജും ഇബ്രാഹിംകുഞ്ഞിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.
പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയാണെന്നാണ് ടി.ഒ സൂരജ് പറഞ്ഞത്. മുവാറ്റുപുഴ വിജിലൻസ് കോടതി പരിസരത്ത് വെച്ചായിരുന്നു ടി.ഒ സൂരജിന്റെ പ്രതികരണം.