വീണ്ടും അധികാരത്തിലെത്താൻ മുന്നോക്ക വിഭാഗങ്ങളെ സർക്കാർ കൈയിലെടുക്കുന്നുവെന്നും പിന്നാക്കക്കാരെ ചാതുർവർണ്യത്തേക്കാൾ ഭീകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്നുവെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ‘മുന്നാക്ക വോട്ടിന് വീണ്ടും പിന്നാക്കക്കാരുടെ കഴുത്ത് ഞെരിക്കുന്നു’ എന്ന തലക്കെട്ടില്‍ കേരള കൗമുദി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്തുവന്നത്.
സംസ്ഥാനത്തെ ഇടതുസർക്കാർ കഴിഞ്ഞ നാലരക്കൊല്ലവും സംഘടിത ജാതി, മതശക്തികളെ പ്രീണിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഏറ്റവും ഒടുവില്‍ ഉദ്യോഗ മേഖലയിലും ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണം ഏർപ്പെടുത്തി പിന്നാക്ക വിഭാഗങ്ങളുടെ കഴുത്ത് ഞെരിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ ലേഖനത്തില്‍ ആരോപിച്ചു. പിന്നാക്കക്കാരുടെ കൂടി വോട്ട് വാങ്ങിയാണ് ഇടത് സർക്കാർ അധികാരത്തിലെത്തിയതെന്ന കാര്യം അവർ മറന്നിരിക്കുന്നു, ഈഴവരാദി പിന്നാക്ക വിഭാഗങ്ങൾക്ക് നിലവിൽ കിട്ടുന്നത് കൂടി തട്ടിയെടുത്ത് സവർണർക്ക് നൽകാൻ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
‘ദേവസ്വം ബോർഡിലെ ഉദ്യോഗങ്ങളിൽ 96 ശതമാനവും കൈവശപ്പെടുത്തി വച്ചിരിക്കുന്ന സവർണർക്ക് വീണ്ടും പത്ത് ശതമാനം കൂടി സംവരണം നൽകിയിരിക്കുന്നു. ഇതോടെ അവിടെ പിന്നാക്കക്കാരൻ പേരിന് പോലും ഇല്ലാതെയാകും. സംസ്ഥാനത്ത് ഇതുവരെ വിദ്യാഭ്യാസമേഖല കൈകാര്യം ചെയ്തതിൽ ബഹുഭൂരിപക്ഷവും ന്യൂനപക്ഷക്കാരാണ്. സ്ഥാപനങ്ങളും കോഴ്സുകളും സ്വന്തം ആളുകൾക്ക് അവർ നൽകി. ആർ. ശങ്കർ മാത്രമാണ് ഈഴവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചത്. ഇപ്പോഴത്തെ എൽ.ഡി.എഫ് സർക്കാർ ന്യൂനപക്ഷങ്ങൾക്കും സവർണർക്കും പുതിയ കോളേജുകൾ കൊടുത്തപ്പോൾ എസ്.എൻ ട്രസ്റ്റിന് ഒന്ന് പോലും നൽകിയില്ല. അധികാരത്തിന്റെയും അവസരങ്ങളുടെയും കാര്യത്തിൽ യഥാർത്ഥ ന്യൂനപക്ഷമായി ഈഴവർ മാറിയിരിക്കുന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നതിൽ ന്യൂനപക്ഷങ്ങൾക്ക് രാഷ്ട്രീയമില്ല. അവർ അക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. ഇടതു മന്ത്രിസഭയിൽ ലീഗിന്റെ പ്രധാന ശത്രു കെ.ടി. ജലീലാണ്. എന്നാൽ ശ്രീനാരായണ സർവകലാശാല വി.സിയായി മുബാറക് പാഷയെ ജലീൽ തിരുകി കയറ്റിയതിനെ മുസ്ലിം ലീഗ് പിന്തുണച്ചിരിക്കുകയാണ്. അവർക്ക് ഇക്കാര്യത്തിൽ എൽ.ഡി.എഫ് സർക്കാരും ജലീലും പ്രശ്നമല്ല. അധികാരത്തിന്റെയും ആനുകൂല്യങ്ങളുടെയും കാര്യത്തിൽ ന്യൂനപക്ഷങ്ങൾക്കും സവർണശക്തികൾക്കും യു.ഡി.എഫും എൽ.ഡി.എഫുമില്ലെന്നും വെള്ളാപ്പള്ളി ലേഖനത്തില്‍ വ്യക്തമാക്കി.
ജാതി വിവേചനമാണ് ജാതി ചിന്തയുണ്ടാക്കുന്നത്. ജാതിവിവേചനം ഇല്ലാതായാലേ ജാതിചിന്ത ഒഴിവാകൂ. മറ്റുള്ളവർക്ക് കൊടുക്കുന്നതിൽ വിരോധമില്ല. അർഹമായത് നൽകാത്തത് ഉച്ചത്തിൽ പറയുമ്പോൾ ഗുരുനിന്ദയെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവരാണ് യഥാർത്ഥ വർഗീയവാദികളെന്നും ഇവിടെ സാമൂഹ്യ നീതി നടപ്പാക്കണമെന്നും വെള്ളാപ്പള്ളി ലേഖനത്തില്‍ ആവശ്യപ്പെട്ടു. ഈഴവരിൽ യോഗ്യരില്ലെന്നാണ് അവസരങ്ങൾ നിഷേധിച്ചതിന്റെ കാരണമായി പറയുന്നതെന്നും ഈഴവർ എങ്ങനെ യോഗ്യതയില്ലാത്തവരായി മാറിയെന്നും ഉള്ളതെല്ലാം സവർണർക്കും ന്യൂനപക്ഷങ്ങൾക്കും പങ്കുവെച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു.