പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ പ്രൈവറ്റ് സെക്രട്ടറി സി.പി.എമ്മുകാരനെന്ന് വിമര്‍ശനം. ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണറായ കെ. അനില്‍കുമാറിനെയാണ് പ്രതിപക്ഷനേതാവ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. ഇതിനെതിരെയാണ് വിമര്‍ശനം. തന്റെ സ്ഥാനലബ്ധിയില്‍ അസ്വസ്ഥതയുള്ളവരാണ് ഈ പ്രചാരണത്തിന് പിന്നിലെന്ന് വി.ഡി സതീശന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. താന്‍ നിയമവിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് തന്നോടൊപ്പം സജീവമായി പ്രവര്‍ത്തിച്ച കെ.എസ്.യുക്കാരനായിരുന്നു അനില്‍കുമാറെന്നും സതീശന്‍ പറഞ്ഞു.
എന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണർ കെ. അനിൽകുമാർ മാർക്സിസ്റ്റുകാരനാണ് എന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ പ്രചരണം നടത്തുന്നുണ്ട്. അദ്ദേഹം ഞാൻ ലോ അക്കാദമി ലോ കോളേജിൽ പഠിക്കുമ്പോൾ എന്നോടൊപ്പം സജീവ കെ എസ് യു പ്രവർത്തകനായിരുന്നു. മാത്രമല്ല, എ.കെ. ആൻറണിയും ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്നപ്പോൾ അദ്ദേഹം ഗുരുവായൂർ ദേവസ്വത്തിന്റെ അഡ്മിനിസ്ടേറ്ററായിരുന്നു. അദ്ദേഹത്തിന്റെ പേര് ശുപാർശ ചെയ്തത് ജി.കാർത്തികേയനും രമേശ് ചെന്നിത്തലയുമായിരുന്നു. ഞാനീ സ്ഥാനത്ത് എത്തിയതിൽ അസ്വസ്ഥതയുള്ള ചിലരാണ് ഇത്തരം പ്രചരണം നടത്തുന്നത്.