Kerala

സോളാര്‍ കേസില്‍ പുനരന്വേഷണം വേണ്ടെന്ന് എ ഗ്രൂപ്പ്; യുഡിഎഫിന് ഭയമില്ലെന്ന് വി ഡി സതീശന്‍

സോളാര്‍ വിവാദത്തിന്റെ എ ഗ്രൂപ്പിന്റെ നിലപാടുകള്‍ പിടിവള്ളിയാക്കി സിപിഐഎം. കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്നതാണ് എ ഗ്രൂപ്പിന്റെ നിലപാട്. അന്വേഷണം വന്നാല്‍ യുഡിഎഫിന് തന്നെ തിരിച്ചടിയാകുമെന്ന ഭയമാണ് പുതിയ നിലപാടിന് പിന്നിലെന്നാണ് സിപിഐഎമ്മിന്റെ ആരോപണം.

സോളാര്‍ പീഡനക്കേസിലെ സിബിഐ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ എല്‍ഡിഎഫ് പ്രതിരോധത്തില്‍ ആയിരുന്നു. എന്നാല്‍ വിവാദ ഇടനിലക്കാരന്‍ ടി.ജി നന്ദകുമാറിന്റെ പ്രസ്താവന യുഡിഎഫിനെയും പ്രതിരോധത്തിലാക്കി. ഇതിന് പിന്നാലെ കേസില്‍ പുനരന്വേഷണം വേണ്ടെന്ന കോണ്‍ഗ്രസ് നിലപാട് രാഷ്ട്രീയ ആയുധമാക്കുകയാണ് എല്‍ഡിഎഫ്. അന്വേഷണം നടന്നാല്‍ ആഭ്യന്തര കലാപം ഉണ്ടാകുമെന്ന് ഭയമാണ് യു.ഡി.എഫിനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.

ഇവിടെ യുഡിഎഫ് ഉമ്മന്‍ചാണ്ടിയെ കീറിമുറിക്കുകയാണ് എന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രതികരണം. യുഡിഎഫ് തുടരന്വേഷണം വേണ്ടെന്നു പറയുന്നത് തങ്ങളും കുടുംബമെന്ന ഭയം കൊണ്ടെന്ന വാദവുമായി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി. തുടരന്വേഷണവുമായി കോടതിയില്‍ പോകുമെന്ന നിലപാടുമായി മല്ലേലില്‍ ശ്രീധരന്‍ നായര്‍ കൂടി രംഗത്തെത്തിയതോടെ യുഡിഎഫും പ്രതിരോധത്തിലാണ്.