India Kerala

രാജി നിരാശാജനകമെന്ന് വിഡി സതീശൻ; രാജിക്ക് പിന്നിലെ കാരണം അറിയില്ലെന്ന് കെ സുധാകരൻ

മുതിർന്ന കോൺ​ഗ്രസ് നേതാവ് വിഎം സുധീരന്റെ രാജി നിരാശാജനകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജി വാർത്ത അറിഞ്ഞത് മാധ്യമങ്ങളിലൂടെ ആണെന്നും, സുധീരനുമായി സംസാരിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.

രാജിക്ക് പിന്നിലെ കാരണം അറിയില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു. പാർട്ടിയിൽ കൂടിയാലോചന നടക്കാറുണ്ടെന്നും എന്നാൽ പലരും എത്താറില്ല എന്നതാണ് തന്റെ പ്രശ്നമെന്നും സുധാകരൻ പറ‍ഞ്ഞു. വിഎം സുധീരനും, മുല്ലപ്പള്ളി രാമചന്ദ്രനുമൊന്നും പ്രതികരിക്കാറില്ലെന്നും സുധാകരൻ പറഞ്ഞു. പുനസംഘടനയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടുണ്ട്. രണ്ടു തവണ വിളിച്ചിരുന്നു, വീട്ടിൽ പോയി കണ്ടിരുന്നുവെന്ന് കെ സുധാരൻ വ്യക്തമാക്കി.

വി.എം സുധീരന്റെ രാജി പുനഃസംഘടനയിലെ അതൃപ്തി കാരണമാണെന്നത് തെറ്റാണെന്ന് പിടി തോമസ് എംഎൽഎ പറഞ്ഞു. വിഎം സുധീരനുമായി കെ സുധാകരനും വിഡി സതീശനും ചർച്ച നടത്തുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.