Kerala

കെ. സുരേന്ദ്രന് പാർലമെന്റിൽ പോയി പരിചയമില്ല; പരിഹാസവുമായി വി.ഡി. സതീശൻ

സിൽവർ ലൈനിനെതിരെ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ യുഡിഎഫ് എംപിമാരെ ഡല്‍ഹി പൊലീസ് തടഞ്ഞ വിഷയത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശർ രം​ഗത്ത്. സുരേന്ദ്രന് പാർലമെന്റിൽ പോയി പരിചയമില്ലെന്നും പാൽലമെന്റിന് മുന്നിൽ പെരുമാറേണ്ടതെങ്ങനെയെന്നതിനെപ്പറ്റി അദ്ദേഹം പഠിപ്പിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണ് കോണ്‍ഗ്രസ് എംപിമാര്‍ കെ റെയിലിനെതിരായി വിജയ് ചൗക്കില്‍ പ്രതിഷധം നടത്തിയതെന്ന തരത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരണം നടത്തിയിരുന്നു.

‘സാധാരണയായി പാര്‍ലമെന്റില്‍ അതീവ സുരക്ഷാ മേഖലയില്‍ പ്രകടനം അനുവദിക്കാറില്ല. അങ്ങനെയൊരു രീതിയെക്കുറിച്ചും കേട്ടിട്ടില്ല. ഡല്‍ഹി പൊലീസിന് ഈ പ്രതിഷേധത്തെ കുറിച്ചോ കെ റെയിലിനെ കുറിച്ചോ അറിയില്ല. ഗേറ്റ് ചാടിക്കടന്ന് കേരളത്തില്‍ കാണിക്കുന്നത് പോലെയൊന്നും പാര്‍ലമെന്റില്‍ നടക്കില്ല’. കെ സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണ് കെ റെയില്‍. കേരളത്തിന്റെ പരിസ്ഥിതിയെ നശിപ്പിക്കുന്നതും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നതുമായ പദ്ധതിയാണ് കെ റെയില്‍. വലിയ അഴിമതി ലക്ഷ്യം വച്ചുകൊണ്ടാണ് പിണറായി വിജയന്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലേക്കാണ് കേരളത്തില്‍ നിന്നുളഅള യുഡിഎഫ് എംപിമാര്‍ കെ റെയിലിനെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഇതാണ് പൊലീസ് തടഞ്ഞത്. പൊലീസ് പ്രതിരോധം മറികടന്ന് മുന്നേറിയ ഹൈബി ഈഡന്‍ എംപിയുടെ മുഖത്തടിച്ചു. കൂടാതെ ടി.എന്‍.പ്രതാപനേയും ഡീന്‍ കുര്യാക്കോസിനേയും രമ്യാ ഹരിദാസ് എംപിയെയും പൊലീസും കൈയേറ്റം ചെയ്തു. മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുന്ന പശ്ചാത്തലത്തില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സത്യാഗ്രഹം നടത്താനായിരുന്നു യുഡിഎഫ് എംപിമാര്‍ പദ്ധതിയിട്ടിരുന്നത്.