50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പരിപാടികളെ വിലക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമ സംവിധാനങ്ങളേയും ജനങ്ങളേയും പരിഹസിച്ചുകൊണ്ട് സിപിഐഎം സമ്മേളനങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ആശ്വാസകരമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.സിപിഐഎം സ്വന്തം കാര്യങ്ങള്‍ നേടിയെടുക്കുന്നതിനായി മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുകയാണെന്ന് വി ഡി സതീശന്‍ ട്വന്റിഫോറിനോട് പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള്‍ യുക്തിസഹമല്ലെന്ന ഹൈക്കോടതി പരാമര്‍ശത്തെ ഉയര്‍ത്തിക്കാട്ടിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്വന്തം കാര്യങ്ങള്‍ നടത്തുന്നതിന് സിപിഐഎം എന്തും ചെയ്യുമെന്നും അവര്‍ ജനങ്ങള്‍ക്ക് നേരെ കൊഞ്ഞനം കുത്തുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചു. സിപിഐഎം സമ്മേളനം നടത്തിയില്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴുമോ എന്ന് ചോദിച്ച അദ്ദേഹം പ്രതിപക്ഷം ഉത്തരവാദിത്വത്തോടെയാണ് സമ്മേളനങ്ങളെ വിമര്‍ശിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ പാലക്കാട് അതിര്‍ത്തിയില്‍ കുടുങ്ങിപ്പോയപ്പോള്‍ അവര്‍ക്ക് വെള്ളമെത്തിച്ചതിന് കോണ്‍ഗ്രസ് എംപിമാരെ സര്‍ക്കാര്‍ പരിഹസിക്കുകയും ക്വാറന്റീനില്‍ പോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരത്ത് സമ്മേളനത്തിനിടെ എംഎല്‍എമാര്‍ക്കും മന്ത്രിയ്ക്കും അടക്കം രോഗം സ്ഥിരീകരിച്ചപ്പോള്‍ അതില്‍ പങ്കെടുത്ത നേതാക്കള്‍ ക്വാറന്റീനില്‍ പ്രവേശിക്കാതെ കൂടുതല്‍ സമ്മേളനവേദികളില്‍ രോഗവാഹകരായി എത്തുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
കൊവിഡ് മാനദണ്ഡം യുക്തിസഹമാണോ എന്നാണ് ഇന്ന് ഹൈക്കോടതി ചോദിച്ചത്. കൊവിഡ് പ്രതിരോധത്തിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. റിപ്പബ്ലിക് ദിനാചരണത്തിന് 50 പേരെ മാത്രമല്ലേ അനുവദിച്ചത് എന്നാണ് കോടതി ചോദിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു.
കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെതിരെ തിരുവനന്തപുരം സ്വദേശിയായ വ്യക്തി നല്‍കിയ പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. കാസര്‍ഗോഡ് ജില്ലയില്‍ സിപിഐഎം സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളില്‍ കളക്ടര്‍ ഇളവ് നല്‍കിയതെന്നായിരുന്നു പ്രധാന ആരോപണം. ഹര്‍ജി പരിഗണിച്ചശേഷം ജില്ലയില്‍ 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പരിപാടികള്‍ വിലക്കി ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
വിമര്‍ശനങ്ങള്‍ക്കിടെ പാര്‍ട്ടിയുടെ കാസര്‍ഗോഡ് ജില്ലാ സമ്മേളനം രണ്ട് ദിവസമാക്കി വെട്ടിക്കുറയ്ക്കാന്‍ സിപിഐഎം തീരുമാനമെടുത്തിട്ടുണ്ട്. നാളെ സമ്മേളന നടപടികള്‍ പൂര്‍ത്തിയാകും. ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് നാളെ സമ്മേളനം അവസാനിപ്പിക്കുന്നത്. തൃശൂര്‍ സമ്മേളനങ്ങള്‍ നാളെ അവസാനിപ്പിക്കാനും ആലോചനയുണ്ട്. പ്രതിനിധി സമ്മേളനങ്ങളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.