Kerala

ഒ.ജി ശാലിനിയുടെ ഗുഡ് എൻട്രി സർവീസ് റദ്ദാക്കിയ സംഭവം; ചീഫ് സെക്രട്ടറിക്ക് കത്തയച്ച് വി.ഡി സതീശൻ

ഒ ജി ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഒ ജി ശാലിനിക്കെതിരെയുള്ള പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന് വി ഡി സതീശൻ കത്തിൽ ആവശ്യപ്പെടുന്നു.

മുട്ടില്‍ മരംമുറിക്കലുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമ പ്രകാരം മറുപടി നല്‍കിയത് ഒ ജി ശാലിനിയായിരുന്നു. ശാലിനിക്ക് വിശ്വാസ്യത ഇല്ലെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. നേരത്തെ ഇവരെ വിവരാവകാശ വിഭാഗത്തില്‍ നിന്ന് മാറ്റിയിരുന്നു. നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനും ആവശ്യപ്പെട്ടിരുന്നു. മുന്‍മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിഞ്ഞുകൊണ്ടാണ് മരംമുറിക്കല്‍ ഉത്തരവ് പുറത്തിറങ്ങിയത് എന്നത് തെളിയിക്കുന്നത് അടക്കമുള്ള രേഖകളാണ് ഇവര്‍ വിവരാവകാശ രേഖ പ്രകാരം നല്‍കിയത്. സര്‍ക്കാര്‍ കേസില്‍ പ്രതിരോധത്തിലാകുകയും വിവിധ ജില്ലകളില്‍ ഉത്തരവ് ദുരുപയോഗം ചെയ്ത് വന്‍തോതില്‍ മരം മുറിച്ചതിന്‍റെ കണക്കുകള്‍ പുറത്തുവരികയും ചെയ്തിരുന്നു.

ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനി മന്ത്രി കെ രാജനുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലകിന്റെ പരാമര്‍ശം അപമാനകരമെന്ന് അണ്ടര്‍ സെക്രട്ടറി പറഞ്ഞു. ജോലിയില്‍ ആത്മാര്‍ത്ഥതയില്ലെന്ന ഉത്തരവിലെ പരാമര്‍ശം നീക്കണമെന്നായിരുന്നു ആവശ്യം. ഇവരെ സെക്രട്ടറിയറ്റിന് പുറത്ത് ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ നിയമിക്കുക കൂടി ചെയ്തിരുന്നു. ഗുഡ് സര്‍വീസ് എന്‍ട്രി തിരിച്ചു നല്‍കണമെന്ന ആവശ്യമല്ല, മറിച്ച് തിരിച്ചെടുത്തപ്പോള്‍ ചില പരാമര്‍ശങ്ങള്‍ അതിലുണ്ടായിരുന്നു. അത് ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നതാണ്. തിരിച്ചെടുക്കണമെന്ന് ഒ ജി ശാലിനി നിവേദനത്തില്‍ പറഞ്ഞിരുന്നു.

ഒ.ജി ശാലിനി വിഷയം പലരും തെറ്റിദ്ധരിച്ചെന്ന് റവന്യു മന്ത്രി കെ രാജൻ പ്രതികരിച്ചിരുന്നു.
വിവരാവകാശം പുറത്തുവിട്ടതിനല്ല ഗുഡ് സർവീസ് എൻട്രി തിരിച്ചെടുത്തത്. മരം മുറിക്കലുമായി ബന്ധപ്പെട്ട് സർക്കാർ ഒരു നടപടി മാത്രമാണ് എടുത്തത്. ഗുഡ് സർവീസ് എൻട്രി കൊടുത്തത് റവന്യു സെക്രട്ടറിയാണ്. ഒ.ജി ശാലിനി വിഷയം പലരും തെറ്റിദ്ധരിച്ചെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.