Kerala

സി.പി.ഐ.എമ്മും പൊലീസും ഒരുമിച്ചാണ് കെ.വിദ്യയെ ഒളിപ്പിച്ചത്; വി.ഡി സതീശൻ

സി.പി.ഐഎമ്മും പൊലീസും ഒരുമിച്ചാണ് കെ.വിദ്യയെ ഒളിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രണ്ടാഴ്ചക്കാലം വിദ്യ പൊലീസിന്റെ കൺമുന്നിൽ ഉണ്ടായിരുന്നെങ്കിലും അറസ്റ്റിലേക്ക് കടക്കാതെ പാർട്ടിയും പൊലീസും വിദ്യയെ സംരക്ഷിച്ചു. പ്രതിപക്ഷത്തിന്റെ പോരാട്ടവും സമ്മർദവും പൊതുസമൂഹത്തിന്റെ പ്രതികരണവുമാണ് വിദ്യയെ പുറത്ത് കൊണ്ടുവരാൻ കാരണമായത്.
വ്യാജരേഖയും വ്യാജ സർട്ടിഫിക്കറ്റുമുണ്ടാക്കി ഉന്നത വിദ്യാഭ്യാസ രംഗം മലിനമാക്കിയ എസ്.എഫ്.ഐ നേതാക്കൾക്ക് ശിക്ഷ ഉറപ്പാക്കും വരെ പ്രതിപക്ഷത്തിന്റെ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

മഹാരാജാസ് കോളജ് വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതി കെ വിദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത് കോഴിക്കോട് നിന്നാണ്. കോഴിക്കോട് സുഹൃത്തിന്റെ വീട്ടിലെത്തിയ വിദ്യ ഇവിടെ നിന്ന് മടങ്ങുന്ന വഴിയാണ് പൊലീസിന്റെ പിടിയിലായത് എന്നാണ് വിവരം. പാലക്കാട് അ​ഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിദ്യയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിദ്യയെ നാളെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. ഒളിവിലായിരുന്ന വിദ്യയെ പതിനഞ്ചാം ദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. അഗളി ഡിവൈഎസ്പി ഓഫീസിലെത്തിക്കും.

വ്യാജരേഖ കേസിൽ പ്രതിയായ കെ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റിയിരുന്നു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്‍റെ ബഞ്ചിലാണ് ഹർജി ഇന്നലെ പരിഗണനക്ക് എത്തിയത്. പിന്നാലെ നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത വ്യാജരേഖ കേസിലും മുന്‍കൂര്‍ ജാമ്യം തേടി. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ തിങ്കളാഴ്ചയാണ് വിദ്യ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

ജാമ്യം നിഷേധിക്കാനുള്ള കുറ്റം ചെയ്തിട്ടില്ലെന്നും അവിവാഹിതയാണെന്നും ആ പരിഗണന നല്‍കണമെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. ആരേയും കബളിപ്പിച്ചിട്ടില്ലെന്നും വിദ്യ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. കരിന്തളം ഗവ. ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് നല്‍കിയ കേസിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. കഴിഞ്ഞ അധ്യയന വര്‍ഷം വിദ്യ കരിന്തളം കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. മഹാരാജാസ് കോളേജിന്‍റെ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് വിദ്യ ഇവിടെ ജോലി നേടിയത്. ഈ മാസം 24 ന് ജാമ്യ ഹര്‍ജി കോടതി പരിഗണിക്കും.