Kerala

പൗര പ്രമുഖരുമായി മാത്രമേ ചർച്ച നടത്തൂ എന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല; വി ഡി സതീശൻ

സിൽവർ ലൈൻ പദ്ധതി നിയമസഭയിൽ ചർച്ച ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൗര പ്രമുഖരുമായി മാത്രമേ ചർച്ച നടത്തൂ എന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല. വിഷയം ചർച്ച ചെയ്യാൻ പ്രത്യേക സഭാ സമ്മേളനം വിളിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

നാടിന് ആവശ്യമുള്ള പദ്ധതികള്‍ ആരെങ്കിലും എതിര്‍ക്കുമെന്ന് കരുതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പണറായി വിജയന്‍ പറഞ്ഞിരുന്നു. എതിര്‍പ്പിന്റെ മുന്നില്‍ വഴങ്ങി കൊടുക്കലല്ല സര്‍ക്കാരിന്റെ ധര്‍മം. നടക്കില്ലെന്ന് കരുതി ഉപേക്ഷിച്ച കേരളത്തിലെ ഗെയില്‍ പദ്ധതി പൂര്‍ത്തിയാകാന്‍ നടപടി സ്വീകരിക്കാനായി. സില്‍വര്‍ ലൈനുമായി ബന്ധപെട്ട് നിയമസഭയില്‍ ചര്‍ച്ച ഉണ്ടായില്ലെന്ന് മാധ്യമങ്ങള്‍ പറയുന്നു, പക്ഷെ ആദ്യം ചര്‍ച്ച ചെയ്തത് എംഎല്‍എമാരുമായിട്ടാണ്. പ്രധാനപ്പെട്ട കക്ഷി നേതാക്കള്‍ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്, അടിയന്തിര പ്രമേയ അവതരണ അനുമതി തേടിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു

അതേസമയം സിൽവർ ലൈൻ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. സ്ഥലം ഏറ്റെടുക്കൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സർക്കാർ വിജ്ഞാപനം നിയമവിരുദ്ധമാണെന്ന് ഹർജിക്കാർ ആരോപിക്കുന്നു. കേന്ദ്ര അനുമതിയില്ലാതെ സംസ്ഥാന സർക്കാരിന് ഭൂമി ഏറ്റെടുക്കാനാകില്ല. റയിൽവേ പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണെന്ന് ഹർജിയിൽ പറയുന്നു. ഭൂമി ഏറ്റെടുക്കൽ നടപടിക്കുള്ള വിഞ്ജാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടുന്നു. പദ്ധതിയുടെ ഭാഗമായി സ്ഥലം നഷ്ടമാകുന്ന നാല് ഭൂവുടമകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.