Kerala

കുഞ്ഞിനെ തട്ടിയെടുത്ത സംഭവം; സർക്കാർ മറുപടി പറയണമെന്ന് വി ഡി സതീശൻ

പേരൂർക്കടയിൽ അമ്മയിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കുഞ്ഞ് എവിടെയാണെന്ന് സർക്കാർ പറയണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു. പാർട്ടിക്കാരെ സംരക്ഷിക്കാൻ മാത്രമായി പൊലീസ് മാറിയെന്ന് അദ്ദേഹം ആരോപിച്ചു.

ഇതിനിടെ അനുപമയ്‌ക്ക് നീതി ഉറപ്പാക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് പ്രതികരിച്ചു. കുഞ്ഞിനെ കടത്തിയ സംഭവത്തിൽ വകുപ്പ്തല അന്വേഷണം തുടങ്ങിയെന്നും കുഞ്ഞിനെ അമ്മയ്ക്ക് നൽകുന്നതാണ് അഭികാമ്യമെന്നും വീണാ ജോർജ് പറഞ്ഞു. വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല.

അനുപമ പറയുന്ന കാലയളവിൽ രണ്ട് കുട്ടികളെ ലഭിച്ചുവെന്നത് മന്ത്രിയും സ്ഥിരീകരിക്കുന്നു. ഇതിൽ ഒരാളുടെ ഡിഎൻഎ പരിശോധിച്ചപ്പോൾ അത് പരാതിക്കാരിയുടെ കുട്ടിയല്ലെന്ന് തെളിഞ്ഞതാണ്. ഇനി കോടതിയിലൂടെ മാത്രമേ കുട്ടിയെ തിരിച്ചുനൽകൂവെന്നാണ് മനസിലാകുന്നതെന്നും അവിടെ അമ്മയ്ക്ക് നീതി കിട്ടാൻ വേണ്ട നിലപാട് സ്വീകരിക്കുമെന്നും വീണാ ജോ‍ർജ് വ്യക്തമാക്കി.

അതേസമയം പേരൂർക്കടയിൽ അമ്മയിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു. അമ്മ അനുമപമയുടെ പരാതിയിലാണ് ബാലാവകാശ കമ്മിഷൻ കേസെടുത്തത്. ഇക്കാര്യത്തിൽ ശിശുക്ഷേമ സമിതിയോടും പൊലീസിനോടും കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.