അട്ടപ്പാടി മധു കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്. കേസില്‍ വ്യാപകമായ കൂറുമാറ്റം നടക്കുകയാണെന്നും സാക്ഷികള്‍ക്ക് മേല്‍ വലിയ സമ്മര്‍ദമുണ്ടെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. മധുകേസ് സ്റ്റേറ്റിനെതിരായ കുറ്റകൃത്യമാണ്. എന്നാല്‍ പ്രോസിക്യൂഷന് ശ്രദ്ധയില്ലെന്നും വി ഡി സതീശന് കുറ്റപ്പെടുത്തി.
താന്‍ ഉടന്‍ അട്ടപ്പാടിയില്‍ പോയി മധുവിന്റെ അമ്മയേയും പെങ്ങളേയും കാണുമെന്ന് വി ഡി സതീശന് അറിയിച്ചു. നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തുന്നത്. സ്വന്തക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു.
ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്തുനിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ നടപടിയിലും പ്രതിപക്ഷനേതാവ് മാധ്യമങ്ങളോട് പ്രതികരണമറിയിച്ചു. സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടറായി നിമയമിക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ മൂന്ന് തവണ ആലോചിക്കണമായിരുന്നെന്ന് വി ഡി സതീശന് കുറ്റപ്പെടുത്തി. കടുത്ത പ്രതിഷേധം നിലനില്‍ക്കെ മജിസ്ട്രേറ്റിന്റെ അധികാരം കൂടിയുള്ള ജില്ലാ കളക്ടറായി ശ്രീറാമിനെ നിയമിച്ച തീരുമാനം അനുചിതമായിപ്പോയെന്നും വി ഡി സതീശന് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് മഴ കാര്യമായ നാശനഷ്ടം ഉണ്ടാക്കുന്നെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ യുഡിഎഫ് കൂടുതല്‍ സജീവമാകുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.