Kerala

‘മുഖ്യമന്ത്രിയും അമിത്ഷായും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട്’; വള്ളംകളിക്ക് ക്ഷണിച്ചതിൽ വിമർശനവുമായി വി.ഡി സതീശൻ

നെഹ്‌റു ട്രോഫി വള്ളംകളിക്ക് അമിത്ഷായെ ക്ഷണിച്ചതിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയനും അമിത്ഷായും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണെന്ന് അദ്ദേഹം ആരോപിച്ചു. വള്ളംകളിക്ക് അമിത്ഷായെ വിളിച്ചത് സിപിഐ എം- ബി ജെ പി രഹസ്യബന്ധത്തിന് തെളിവാണ്. അമിത്ഷായെ വിളിക്കാനുള്ള കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും സർക്കാരും സിപിഐ എമ്മും മറുപടി പറയണം.

ലാവലിനോ സ്വർണക്കടത്തോ ആണോ കാരണം എന്ന് വി ഡി സതീശൻ ചോദിച്ചു. കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് മോദിയെ ക്ഷണിച്ചതിന് എൻ കെ പ്രേമചന്ദ്രനെ സംഘിയെന്ന് വിളിച്ചു. ഏത് ചെകുത്താനെയും കൂടെക്കൂട്ടി കോൺഗ്രസിനെ തോൽപ്പിക്കുകയാണ് ലക്ഷ്യം. സിപിഐ സമ്മേളനങ്ങളിൽ പ്രതിഷേധങ്ങളിൽ പ്രതീക്ഷയില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ലോകായുക്ത നിയമഭേദഗതി ബില്ലിൽ സിപിഐ സന്ധി ചെയ്‌തെന്ന് വി ഡി സതീശൻ ആരോപിച്ചു.

സെപ്റ്റംബർ നാലിന് പുന്നമടക്കായലിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിച്ചിരുന്നു . ഓണാഘോഷങ്ങളിൽ പങ്കെടുക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്. അമിത് ഷായെ ക്ഷണിച്ച് കഴിഞ്ഞ 23നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് കത്തയച്ചത്.