Kerala

പീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചെന്ന ആരോപണം; എ.കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ്

പീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മന്ത്രി എ. കെ ശശീന്ദ്രനെതിരെ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. എ. കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് വി. ഡി സതീശൻ ആവശ്യപ്പെട്ടു. (v d satheesan against minister a k saseendran)

പീഡന പരാതി ഒതുക്കിതീർക്കാൻ ഇടപെട്ടെന്ന ആരോപണം നേരിടുന്ന മന്ത്രി രാജിവയ്ക്കണം. എ. കെ ശശീന്ദ്രൻ രാജിവയ്ക്കാൻ തയ്യാറായില്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. പദവി ദുരുപയോഗം ചെയ്ത മന്ത്രി എ. കെ ശശീന്ദ്രൻ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും വി. ഡി സതീശൻ പറഞ്ഞു.

പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ. കെ ശശീന്ദ്രൻ ഇടപെട്ടതായായിരുന്നു ആരോപണം. പരാതി നല്ല രീതിയിൽ തീർക്കണമെന്ന് മന്ത്രി പരാതിക്കാരിയുടെ പിതാവിനോട് ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. എ. കെ ശശീന്ദ്രനാണെന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് പരാതിക്കാരിയുടെ പിതാവിന് മന്ത്രിയുടെ ഫോൺ കോൾ എത്തിയത്. മന്ത്രി എ. കെ ശശീന്ദ്രനാണോ എന്ന് പരാതിക്കാരിയുടെ പിതാവ് ചോദിക്കുന്നു. ഇതിന് ശേഷമാണ് അവിടെ പാർട്ടിയിൽ ഒരു പ്രശ്‌നമുണ്ടെന്ന് മന്ത്രി പറയുന്നത്. ഇവിടെ പാർട്ടിയിൽ പ്രശ്‌നമൊന്നുമില്ലെന്നും മന്ത്രി പറയുന്നത് തനിക്ക് മനസിലാകുന്നില്ലെന്നും പിതാവ് പറയുന്നു. നേരിട്ട് കാണാമെന്ന് മന്ത്രി പറയുന്നുണ്ട്. തന്റെ മകളെ കൈക്ക് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസാണ് മന്ത്രി തീർപ്പാക്കാൻ പറയുന്നതെന്ന് പരാതിക്കാരിയുടെ പിതാവ് പറയുമ്പോൾ നല്ല രീതിയിൽ തീർക്കണമെന്ന് ശശീന്ദ്രൻ പറയുന്നുണ്ട്. നല്ല രീതിയിൽ എന്നു പറഞ്ഞാൽ അതെങ്ങനെയാണെന്ന് പിതാവ് ചോദിക്കുന്നു. ഇതിന് കൃത്യമായ മറുപടി പറയാതെ മന്ത്രി ഒഴിഞ്ഞുമാറുകയാണ്.

പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ. കെ ശശീന്ദ്രൻ നിരവധി തവണ ഇടപെട്ടുവെന്ന് പരാതിക്കാരിയും പറഞ്ഞു. കേസ് നൽകുന്നതിന് മുൻപ് പലരേയും കൊണ്ട് വിളിപ്പിച്ചു. മന്ത്രി പറഞ്ഞിട്ടാണ് വിളിപ്പിക്കുന്നതെന്ന് അവർ പറഞ്ഞിരുന്നു. പരാതി നൽകിയിട്ട് പൊലീസ് അവഗണിച്ചെന്നും യുവതി പറഞ്ഞു. മാർച്ച് ആറിനാണ് സംഭവം നടന്നതെന്നാണ് യുവതി പറയുന്നത്.