Kerala

പിഎസ്‍സി സാങ്കേതിക തകരാര്‍: അധ്യാപക തസ്തികയിലേക്ക് കണ്‍ഫര്‍മേഷന്‍ സമര്‍പ്പിക്കാനാകുന്നില്ല

കണ്‍ഫര്‍മേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്തംബര്‍ 11 ആണെന്നിരിക്കെ പരീക്ഷയെഴുതാനാകുമോ എന്നാണ് ഇവരുടെ ആശങ്ക.

യു.പി സ്കൂള്‍ അധ്യാപക തസ്തികയിലേക്ക് അപേക്ഷിച്ചെങ്കിലും കണ്‍ഫര്‍മേഷന്‍ സമര്‍പ്പിക്കാനാകാത്ത അവസ്ഥയിലാണ് ഉദ്യോഗാര്‍ഥികള്‍. കണ്‍ഫര്‍മേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്തംബര്‍ 11 ആണെന്നിരിക്കെ പരീക്ഷയെഴുതാനാകുമോ എന്നാണ് ഇവരുടെ ആശങ്ക.

2019ല്‍ വിജ്ഞാപനം ക്ഷണിച്ച കാറ്റഗറി നമ്പര്‍ 517/2019 യു.പി.എസ്.എ ഒഴിവിലേക്കാണ് സ്വന്തം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ അപേക്ഷിച്ച സമര്‍പ്പിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി സബ്മിറ്റ് ലിങ്ക് ക്ലിക്ക് ചെയ്താണ് അപേക്ഷ നല്‍കിയത്. പി.എസ്.സി പരീക്ഷയ്ക്ക് ഹാജരാകുന്നു എന്ന് ഉറപ്പാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ കണ്‍ഫര്‍‍മേഷന്‍ സമര്‍പ്പിക്കണം എന്ന വ്യവസ്ഥയുണ്ടായിരിക്കെയാണ് ഈ ദുരവസ്ഥ. ഇവരുടെ പ്രൊഫൈലില്‍ അപേക്ഷാ ഫോമും കാണാനില്ല. ഇതോടെ നിരവധി പേരാണ് പരീക്ഷയെഴുതാനാകുമോ എന്ന ആശങ്കയിലായത്.

സാങ്കേതിക കാരണങ്ങളാണെങ്കിലും കണ്‍ഫര്‍മേഷന്‍ നല്‍കാനുള്ള തിയ്യതി അടുത്ത് വരുന്നത് ഉദ്യോഗാര്‍ഥികളെ വലയ്ക്കുകയാണ്. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പി.എസ്.സി ചെയര്‍മാനുമടക്കം പരാതി നല്‍കി കാത്തിരിക്കുകയാണ് ഉദ്യോഗാർഥികൾ.