യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസില്‍ പ്രതികളെ ഇന്ന് തെളിവെടുപ്പിനായി കോളേജില്‍ എത്തിക്കുമെന്ന് സൂചന. അഖിലിനെ കുത്തിയ ആയുധം ഇതു വരെ കണ്ടെത്തിയിട്ടില്ല. സര്‍വകലാശാല ഉത്തരക്കടലാസ് മോഷ്ടിച്ചതിനും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീല്‍ കണ്ടെടുത്തതിലും പ്രതി ശിവരഞ്ജിത്തിനെതിരെ കൂടുതല്‍ കേസെടുത്തു.
മൂന്ന് ദിവസത്തേക്കാണ് പ്രതികളെ പൊലീസിന് കസ്റ്റഡിയില്‍ ലഭിച്ചത്. കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്ന് യൂണിവേഴ്‌സിറ്റി കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസ് നീക്കം. അഖിലിനെ കുത്താന്‍ ഉപയോഗിച്ച ആയുധവും കണ്ടെത്താനുണ്ട്. അറസ്റ്റിലായ 6 പേരുള്‍പ്പെടെ 16 പേര്‍ക്കെതിരെയാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.
ഇന്നലെ രേഖപ്പെടുത്തിയ അഖിലിന്റെ മൊഴി വിശദമായി പരിശോധിച്ച ശേഷം കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേ സമയം ഒന്നാം പ്രതി ശിവരഞ്ജിത്തിനെതിരെ കൂടുതല്‍ കേസ് എടുത്തു.
സര്‍വകലാശാല ഉത്തരക്കടലാസ് മോഷ്ടിച്ചതിനും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീല്‍ കണ്ടെടുത്തതിലുമാണ് കന്റോണ്‍മെന്റ് പോലീസ് കൂടുതല്‍ കേസെടുത്തത്. അറിയാവുന്ന ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരമെഴുതിയാണ് പൊലീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയതെന്നും ശിവരഞ്ജിത്ത് മൊഴി നല്‍കിയിട്ടുണ്ട്.