കേരള കോൺഗ്രസിലെ തർക്കപരിഹാരത്തിന് യു.ഡി.എഫ് ഇടപെടുന്നു. മുന്നണിയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസം തകർക്കുന്ന രീതിയിൽ ഒരു നടപടിയും ഉണ്ടാകരുതെന്ന് കോൺഗ്രസ് നേതാക്കൾ ചർച്ചയിൽ ആവശ്യപ്പെട്ടു. ഏകപക്ഷീയമായി ചെയർമാനെ തിരഞ്ഞെടുത്തതിൽ കടുത്ത അതൃപ്തി അറിയിച്ച ജോസഫ്, മുന്നണിക്ക് കോട്ടം തട്ടുന്ന ഒന്നും ഉണ്ടാകില്ല എന്ന് ഉറപ്പുനൽകി.
കേരള കോൺഗ്രസിലെ തർക്കങ്ങൾ പിളർപ്പിലേക്ക് എത്തുകയും ജോസ് കെ മാണിയുടെ ചെയർമാൻ തിരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് തുടർ നടപടികൾ സംബന്ധിച്ച് യു.ഡി.എഫ് നേതാക്കൾ ചർച്ച നടത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റും നൽകി ജനങ്ങൾ യു.ഡി.എഫിൽ അർപ്പിച്ച വിശ്വാസം ഉണ്ട്. അത് തകർക്കുന്ന രീതിയിൽ പാർട്ടിയിലെ തർക്കങ്ങൾ പോകരുതെന്ന നിര്‍ദ്ദേശമാണ് യു.ഡി.എഫ് നേതാക്കൾ മുന്നോട്ട് വെച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയോ കോടതിയുടെയോ അന്തിമ തീരുമാനമാകുന്നതുവരെ പരസ്യമായ വിഴുപ്പലക്കലിലേക്ക് പോകരുതെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
നിയമസഭയിൽ പ്രതിപക്ഷ നേതാവിന്‍റെ ഓഫീസിൽ വച്ചാണ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പി.ജെ ജോസഫുമായി ചർച്ച നടത്തിയത്. ജോസ്.കെ മാണിയെ ചെയർമാനായി തെരഞ്ഞെടുക്കുന്ന രീതിയിലേക്ക് മാണി വിഭാഗം മുന്നോട്ടുപോകുന്നതിൽ കടുത്ത അതൃപ്തി ജോസഫ് കോൺഗ്രസ് നേതാക്കളോട് പങ്കുവെച്ചു.
മുന്നണിയെ ബാധിക്കാത്ത തരത്തിൽ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാമെന്ന ഉറപ്പ് ജോസഫ് യു.ഡി.എഫ് നേതാക്കൾക്ക് നൽകിയിട്ടുണ്ട്. ഡൽഹിയിലുള്ള പി.കെ കുഞ്ഞാലിക്കുട്ടിയും ബെന്നി ബഹനാനും ജോസ്.കെ മാണിയും തോമസ് ചാഴിക്കാടനും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തും.