Kerala

നാദാപുരത്ത് യുഡിഎഫ് ബൂത്ത് ഏജന്‍റിന്‍റെ സൂപ്പർമാർക്കറ്റിന് തീയിട്ടു

നാദാപുരത്ത് യുഡിഎഫ് സ്ഥാനാർഥിയുടെ ബൂത്ത് ഏജന്‍റിന്‍റെ സൂപ്പർ മാർക്കറ്റ് തീയിട്ട് നശിപ്പിച്ചു. ലീഗ് പ്രവർത്തകനായ ഇരിങ്ങണ്ണൂർ സ്വദേശി അബൂബക്കറിന്റെ സൂപ്പർ മാർക്കറ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു.

പുലര്‍ച്ചെയായിരുന്നു ആക്രമണം. യുഡിഎഫ് സ്ഥാനാര്‍ഥി പ്രവീണ്‍ കുമാറിന്‍റെ ബൂത്ത് ഏജന്‍റായിരുന്നു അബൂബക്കര്‍. സ്ഥലത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷമൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത് ഈ ബൂത്തില്‍ സാധാരണ കള്ളവോട്ട് നടക്കാറുണ്ടായിരുന്നുവെന്നും ഇത്തവണ ബൂത്ത് ഏജന്‍റ് മുഴുവന്‍ സമയവും ഉണ്ടായിരുന്നതിനാല്‍ കള്ളവോട്ട് സാധിച്ചില്ല, ഇതിലുള്ള പ്രതികാരമായാണ് ബൂത്ത് ഏജന്‍റിന്‍റെ സൂപ്പര്‍ മാര്‍ക്കറ്റ് ആക്രമിച്ചതെന്നാണ്.

എന്നാല്‍ സിപിഎം പ്രവര്‍ത്തകര്‍ പറയുന്നത് തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ അക്രമം നടത്തി ആ കുറ്റം സിപിഎമ്മിന് മേല്‍ ചുമത്തുകയാണെന്നാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സിപിഎം – യുഡിഎഫ് സംഘര്‍ഷം നടക്കുന്ന സ്ഥലമാണിത്. ഇത്തവണ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. കള്ള ആരോപണം സിപിഎമ്മിനെതിരെ ഉന്നയിക്കുന്നതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളാണെന്നാണ് സിപിഎം പറയുന്നത്.