India Kerala

വോട്ടുറപ്പിക്കാൻ എൽ.ഡി.എഫ് പണം നൽകുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് യു.ഡി.എഫിന്റെ പരാതി

കൊല്ലത്ത് വോട്ടുറപ്പിക്കാൻ എൽ.ഡി.എഫ് പണം നൽകുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് യു.ഡി.എഫിന്റെ പരാതി. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനി വഴിയാണ് പണം നൽകുന്നത്. മന്ത്രിമാരുടെ വാഹനങ്ങളിലാണ് പണം കൊണ്ടുപോകുന്നതെന്നും യു.ഡി.എഫ് ആരോപിച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്നും തെറ്റായ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എൽ.ഡി.എഫ് നേതാക്കൾ പ്രതികരിച്ചു.

ചാഞ്ചാടി നിൽക്കുന്ന വോട്ടുകൾ പണം നൽകി ഉറപ്പിക്കുന്നുവെന്നാണ് യു.ഡി.എഫിന്റെ പരാതി. വോട്ടുകച്ചവടത്തിന് സാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കി മണ്ഡലത്തിലെ അയ്യായിരത്തോളം വീടുകളിൽ പണമെത്തിക്കാനാണ് നീക്കം. വാഹന പരിശോധന നടത്തതാതിരിക്കാൻ മന്ത്രിമാരുടെ വാഹനങ്ങളിലാണ് പണം കൊണ്ടുപോകുന്നതെന്നും യു.ഡി.എഫ് ജില്ലാ നേതാക്കൾ ആരോപിച്ചു. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു. മന്ത്രിമാരുടേതുൾപ്പെടെ ഏതുവാഹനവും പരിശോധിക്കാം. ചട്ടപ്രകാരമാണോ പണം ചെലവഴിക്കുന്നതെന്ന് പരിശോധിക്കാൻ നിലവിലെ സംവിധാനം പര്യാപ്തമല്ലെന്നും കേരളത്തിന് പുറത്തുള്ള നിക്ഷ്പക്ഷരായ നിരീക്ഷണസംഘത്തെ നിയോഗിക്കണമെന്നും യു.ഡി.എഫ് ജില്ലാനേതാക്കൾ ആവശ്യപ്പെട്ടു.