Kerala

ജൂണ്‍ 17ന് രാത്രി 3 മിനിറ്റ് ലൈറ്റ് അണയ്ക്കും: അമിത വൈദ്യുത ബില്ലിനെതിരെ യുഡിഎഫ് പ്രതിഷേധം

ചാർജ് വർധിപ്പിച്ചെന്ന് പറയാതെ കൊള്ള നടത്തുകയാണെന്ന് ചെന്നിത്തല

സംസ്ഥാനത്തെ അമിത വൈദ്യുതി ബില്ലിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. ജൂണ്‍ 17ന് രാത്രി 9 മണിക്ക് 3 മിനിറ്റ് നേരം ലൈറ്റ് അണച്ച് പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

അമിത വൈദ്യുതി ബില്ലിനെതിരെ ജനകീയ പ്രക്ഷോഭം നടത്താനാണ് യുഡിഎഫ് തീരുമാനം. ജനങ്ങളെ കൊള്ളയടിക്കുന്ന നടപടി നീതീകരിക്കാനാവില്ല. ചാർജ് വർധിപ്പിച്ചെന്ന് പറയാതെ കൊള്ള നടത്തുകയാണ്. മീറ്റർ റീഡിങ്ങിലെ കാലതാമസം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നു. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ഉപഭോക്താക്കൾക്ക് ശിക്ഷ വാങ്ങേണ്ടി വരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

അടത്തു കിടക്കുന്ന വാണിജ്യ സ്ഥാപനങ്ങളിൽ ഫിക്സഡ് ചാർജിലൂടെ കൊള്ള നടത്തുകയാണ്. ഫിക്സഡ് ചാർജിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഇളവ് നടപ്പായില്ല. ഫിക്സഡ് ചാർജ് പൂർണമായി ഒഴിവാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കോവിഡ് പ്രതിരോധം സർക്കാർ കൈവിട്ട നിലയിലാണ്. മെഡിക്കൽ കോളജിലെ ആത്മഹത്യകള്‍ ജാഗ്രതക്കുറവ് കാരണം സംഭവിച്ചതാണ്. ഇത് അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.