International Kerala

എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷാ മുന്നൊരുക്കങ്ങളുമായി യു.എ.ഇയും

മാർച്ച് 17ന് ആരംഭിക്കുന്ന എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷാ മുന്നൊരുക്കങ്ങളുമായി യു.എ.ഇ. പരീക്ഷാ മേൽനോട്ടത്തിന് സംസ്ഥാന സർക്കാർ നിയോഗിക്കുന്ന ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാർ‌ അടുത്ത ആഴ്ചയോടെ ഗൾഫിലെത്തും. കർശന കോവിഡ് പ്രോട്ടോകാൾ പാലിച്ചു കൊണ്ടായിരിക്കും ഇത്തവണയും പരീക്ഷ.

പരീക്ഷാ മേൽനോട്ട ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ ഇത്തവണ നേരത്തെ തന്നെ എത്തും. അബുദാബിയിൽ 10 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്‍റൈൻ ‍നിർബന്ധമാണ്. എന്നാൽ ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലേക്ക് വരുന്നവർക്കു പിസിആർ ടെസ്റ്റ് ഫലം വരുന്നതുവരെ താമസ സ്ഥലത്തു തന്നെ ക്വാറന്‍റൈൻ മതിയാകും. ഇവിടങ്ങളിൽ പൊടുന്നനെ റിസൽട്ട് വരുന്നതിനാൽ മറ്റു തടസങ്ങളൊന്നും ഉണ്ടാകില്ല.

എസ്എസ്‍എൽസി, ഹയർ സെക്കൻഡറി അധ്യാപന രംഗത്ത് 10 വർഷത്തെ സേവന പരിചയമുള്ളവർക്കാണ് ഗൾഫിൽ പരീക്ഷക്ക് മേൽനോട്ടം വഹിക്കാൻ അനുമതി ലഭിക്കുക. ഇത്തവണ ആരൊക്കെയാണ് എത്തുകയെന്നതു സംബന്ധിച്ച് അടുത്ത ദിവസം തന്നെ സർക്കാർ ഉത്തരവ് ഇറക്കും. ഡപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ യാത്ര, ടിക്കറ്റ്, താമസം, ഭക്ഷണം എന്നീ ചെലവുകളെല്ലാം വിദേശത്തെ സ്കൂളുകളാണ് വഹിക്കുക.

അതിനിടെ, പരീക്ഷക്ക് ശക്തമായ കോവിഡ് സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ മാർഗരേഖയാണ് യു.എ.ഇ പുറപ്പെടുവിച്ചിരിക്കുന്നത്.