ആലപ്പുഴയിൽ സമാധാനം നിലനിർത്താൻ സർവകക്ഷി സമാധാന യോഗത്തിൽ ആഹ്വാനം. കൊലപാതകങ്ങളുടെ പേരിൽ ഇനി അനിഷ്ഠ് സംഭവം ഉണ്ടാകാൻ പാടില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രിമാർ വ്യക്തമാക്കി. ഗൂഢാലോചനക്കാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. വയലാറിലെ കൊലപാതകത്തിന്റെ തുടർച്ചയാണോ ഷാനിന്റെ കൊലപാതകമെന്ന് അന്വേഷിക്കും. പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
സമാധാനം നിലനിർത്താൻ എല്ലാ കക്ഷികളും പ്രാദേശിക ക്യാമ്പെയിൻ നടത്തണം. ഇക്കാര്യത്തിൽ എല്ലാ കക്ഷികളും സഹകരിക്കുമെന്ന് ഉറപ്പു നൽകിയതായി മന്ത്രി പി പ്രസാദ് വ്യക്തമാക്കി. പൊലീസിനെ മാനസികമായി ശക്തിപ്പെടുത്താനാണ് എല്ലാവരും ശ്രമിക്കേണ്ടത്. രാഷ്ട്രീയ പാർട്ടികൾ സമാധാനത്തിനു പ്രത്യേക യോഗം വിളിക്കും. മതപരമായ പ്രശ്നം ഉണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തുമെന്നും അതിൽ എല്ലാ പാർട്ടികളും സഹകരിച്ചിട്ടുണ്ടെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.
ആരും പരസ്പരം ചെളിവാരി എറിയുന്ന തരത്തിൽ പ്രസ്താവനകൾ നടത്തരുത്, എല്ലാവരും സമാധാനം നിലനിർത്താൻ സഹകരിക്കണം. അന്വേഷണത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഇരു കൊലപാതകങ്ങൾക്കും പിന്നിലെ ഗൂഢാലോചനകളിൽ പങ്കാളികളായവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് സർക്കാർ വ്യക്തമാക്കി.