ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഇന്ന് മുതല്‍ വീണ്ടും പരിശോധന.പിഴ ഈടാക്കുന്നത് മരവിപ്പിച്ചതോടെ നിയമലംഘനങ്ങള്‍ വര്‍ധിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കര്‍ശനമാക്കുന്നത്. പിഴ ഉദ്യോഗസ്ഥര്‍ വാങ്ങാതെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം.
കേന്ദ്ര നിയമപ്രകാരമുള്ള ഉയര്‍ന്ന പിഴ ഈടാക്കുന്നതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതോടെയാണ് വാഹന പരിശോധന ഓണക്കാലത്ത് നിര്‍ത്തിവച്ചത്. എന്നാല്‍ പരിശോധന കുറച്ചതോടെ നിയമലംഘനങ്ങളുടെ എണ്ണവും കാര്യമായി വര്‍ധിച്ചു.ഹെല്‍മെറ്റ് ധരിക്കാതെയും സീറ്റ് ബെല്‍റ്റ് ഇടാതെയും യാത്ര ചെയ്യുന്നവരുടെ എണ്ണവും കൂടി.ഇതോടെയാണ് ഇന്ന് മുതല്‍ പരിശോധന വീണ്ടും കര്‍ശനമാക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചത്. എന്നാല്‍ പിഴയുടെ കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ പിഴ ഈടാക്കില്ല. നിയമംലഘനത്തിന്റെ വിവരങ്ങള്‍ ചേര്‍ത്ത് കോടതിയിലേക്ക് വിടും. കോടതി നോട്ടീസ് കിട്ടുന്ന മുറക്ക് പിഴയടച്ചാല്‍ മതി. ഇതിനെടുക്കുന്ന കാലതാമസത്തിനുള്ളില്‍ വിഷയത്തില്‍ വ്യക്തതയുണ്ടാകുമെന്നാണ് ഗതാഗത വകുപ്പിന്റെ പ്രതീക്ഷ.
പിഴത്തുകയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മറ്റെന്നാള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നുണ്ട്. ഹെല്‍മെറ്റ്,സീറ്റ് ബെല്‍റ്റ് അടക്കമുള്ള ചില കാര്യങ്ങളില്‍ പിഴത്തുക പകുതിയായി കുറയ്ക്കാനാണ് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ നിയമവകുപ്പിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാകും അന്തിമ തീരുമാനം. എന്നാല്‍ മദ്യപിച്ച് വാഹനം ഓടിക്കല്‍, ഡ്രൈവിങിനെടെയുള്ള ഫോണ്‍ ഉപയോഗം എന്നിവയ്ക്ക് പിഴ കുറയ്ക്കാന്‍ ഇടയില്ല.