India Kerala

സ്ഥാനാര്‍ഥി ചിത്രം വ്യക്തമായ തിരുവനന്തപുരത്ത് ത്രികോണ മത്സരം

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചപ്പോൾ കൃത്യമായി സ്ഥാനാർഥി ചിത്രം തെളിഞ്ഞ കേരളത്തിലെ ഏക മണ്ഡലമാണ് തിരുവനന്തപുരം. സിറ്റിംഗ് എം.പി ശശി തരൂരിനെ യു.ഡി.എഫ് നിലനിർത്തിയപ്പോൾ സി.പി.ഐ നേതാവും എം.എൽ.എയുമായ സി.ദിവാകരനെയാണ് എൽ.ഡി.എഫ് രംഗത്തിറക്കിയത്. ആർ.എസ്.എസിന്റെ സമ്മർദ്ദത്തെ തുടർന്ന് മിസോറാം ഗവർണർ സ്ഥാനം രാജിവെച്ച കുമ്മനം രാജശേഖരനാണ് എൻ.ഡി.എ സ്ഥാനാർഥി.

കഴിഞ്ഞ തവണ ഭൂരിപക്ഷം കുറഞ്ഞെങ്കിലും ശശി തരൂരിനെയാണ് യു.ഡി.എഫ് സ്ഥാനാർഥിയാക്കിയത്. താൻ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങളിലൂടെ വിജയം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് തരൂർ. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പേയ്‍മെന്റ് സീറ്റ് വിവാദത്തിൽ ദേശീയ എക്സിക്യുട്ടീവ് സ്ഥാനം നഷ്ടപ്പെട്ട സി.ദിവാകനെയാണ് എൽ.ഡി.എഫ് രംഗത്തിറക്കിയത്. വിവാദങ്ങളെല്ലാം അവസാനിച്ചുവെന്നും ജനങ്ങൾ തെരഞ്ഞെടുപ്പ് മാറ്റം ആഗ്രഹിക്കുന്നുവെന്നുമാണ് സി.ദിവാകരന്റെ അഭിപ്രായം.

ഒരിടവേളക്ക് ശേഷം കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങുകയാണ് മിസോറാം ഗവർണർ സ്ഥാനം രാജിവച്ചു കൊണ്ട് കുമ്മനം രാജശേഖരൻ. ബി.ജെ.പി ഏറെ പ്രതീക്ഷിക്കുന്ന മണ്ഡലമായ തിരുവനന്തപുരത്ത് ആർ.എസ്.എസിന്റെ സമ്മർദത്തെ തുടർന്നാണ് കുമ്മനത്തെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് കുമ്മനം പറയുന്നത്. കേരളത്തിൽ ഏറ്റവും ശക്തമായ ത്രികോണ മത്സരമായിരിക്കും തിരുവനന്തപുരത്ത് നടക്കുക. അതിനാൽ തന്നെ പ്രചാരണ പരിപാടികൾ മൂന്ന് മുന്നണികളും തുടങ്ങി കഴിഞ്ഞു.