സംസ്ഥാനത്താകെ 5924 ക്വാറികള്‍ ഉണ്ടെന്ന് പഠനം. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ സാറ്റ് ലൈറ്റ് മാപിങ്ങിന്റെ സഹായത്തോടെ നടത്തിയ പഠനത്തിലാണ് ഇത്രയും ക്വാറികളെ കണ്ടെത്തിയത്. 750 ക്വാറികള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. സംസ്ഥാനത്തെ പരിസ്ഥിതി സന്തുലനത്തെ ക്വാറികളുടെ അമിതത്വം തകര്‍ക്കുന്നതായും പഠനം.
സംസ്ഥാനത്താകെ പ്രവര്‍ത്തിക്കുന്നത് 750 ക്വാറികളെന്നാണ് മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരായ ടി.വി സജീവും സി.ജെ അലക്സും നടത്തിയ പഠനത്തിലെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണ്. 5924 ക്വാറികള്‍ സംസ്ഥാനത്തുണ്ടെന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തല്‍. പഠനത്തിനായി ഉപയോഗിച്ചത് സാറ്റ് ലൈറ്റ് മാപിങ്ങ് സാങ്കേതിക വിദ്യയാണ്.
ഏറ്റവും കൂടുതല്‍ ക്വാറികള്‍ മധ്യകേരളത്തിലാണ് – 2438 ക്വാറികള്‍, വടക്കന്‍ കേരളം – 1969, തെക്കന്‍ കേരളം – 1517 എന്നിങ്ങനെയാണ് ക്വാറികളുടെ എണ്ണം. 867 ക്വാറികളുള്ള പാലക്കാടാണ് ഈ പഠനപ്രകാരം മുന്‍നിരയില്‍. ക്വാറികളുടെ ഈ വര്‍ധനവാണ് സംസ്ഥാനത്തെ പരിസ്ഥിതി അസന്തുലിതാവസ്ഥയുടെ പ്രധാന കാരണവും.
ഗാഡ്ഗിലെ റിപ്പോര്‍ട്ടിലെ കണക്കനുസരിച്ച് പശ്ചിഘട്ടമേഖലയിലെ ക്വാറികളുടെ എണ്ണം 3322 ആണ്. ക്വാറി പ്രവര്‍ത്തനം പാടില്ലെന്ന് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്ന പരിസ്ഥിതി ദുര്‍ബല മേഖല – 1 ല്‍ 1486 ക്വാറികളും പരിസ്ഥിതി ദുര്‍ബല മേഖല 2 ല്‍ 169 ക്വാറികളും ഉണ്ട്.
എത്രക്വാറികള് സംസ്ഥാനത്തുണ്ട്. ഇതിലൂടെ എത്ര പാറ ഇതുവരെ ഖനനം ചെയ്തിട്ടുണ്ട്. അത് എത്രത്തോളം ആഘാതം പരിസ്ഥിതിക്ക് ഉണ്ടാക്കിയിട്ടുണ്ട്. ഇനി എത്രത്തോളം ക്വാറികള്‍ സംസ്ഥാനത്ത് അനുവദിക്കാനാകും. ഇതിലെല്ലാം കൃത്യമായ കണക്ക് പുറത്തുവിടേണ്ടതും നയരൂപീകരണം നടത്തേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.