Kerala

കള്ള് ഷാപ്പുകള്‍ ഇന്ന് മുതല്‍ തുറക്കും; പാഴ്സല്‍ മാത്രം,ഒരാള്‍ക്ക് ഒന്നര ലിറ്റര്‍ കള്ള്

ഒരു സമയം അഞ്ച് പേർ മാത്രമേ ക്യൂവിൽ പാടുള്ളൂവെന്ന കര്‍ശന നിര്‍ദേശവുമുണ്ട്

സംസ്ഥാനത്തെ കള്ള്ഷാപ്പുകള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ഷാപ്പിൽ ഇരുന്ന് കുടിക്കാന്‍ അനുവദിക്കില്ല. പാഴ്സലായി ഒരാൾക്ക് പരമാവധി ഒന്നര ലിറ്റർ കള്ള് നൽകും. ഒരു സമയം അഞ്ച് പേർ മാത്രമേ ക്യൂവിൽ പാടുള്ളൂവെന്ന കര്‍ശന നിര്‍ദേശവുമുണ്ട്.

3,590 കള്ള് ഷാപ്പുകളാണ് ഇന്ന് മുതല്‍ സംസ്ഥാനത്ത് തുറന്ന് പ്രവർത്തിക്കുന്നത്. രാവിലെ 9 മുതൽ രാത്രി 7 മണി വരെയായിരിക്കും ഷാപ്പുകളുടെ പ്രവർത്തനം. ഒരാൾക്ക് ഒന്നര ലിറ്റർ കള്ള് വരെ പാഴ്സലായി വാങ്ങാം.കള്ള് വാങ്ങാന്‍ പോകുന്നവര്‍ കുപ്പി കയ്യില്‍ കരുതണം. ഷാപ്പിൽ ഇരുന്നുള്ള കള്ളുകുടി അനുവദിക്കില്ല. ഷാപ്പുകളിൽ കള്ളുകുടി അനുവദിച്ചാൽ ശാരീരിക അകലം പാലിക്കാൻ കഴിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഒരു സമയം ക്യൂവിൽ 5 പേരിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല. ഷാപ്പിലെ തൊഴിലാളികളുടെ എണ്ണവും പരിമിതപ്പെടുത്തണം. തൊഴിലാളികളും കള്ളുവാങ്ങാനെത്തുന്നവരും നിർബന്ധമായും മാസ്ക് ധരിക്കണം. ഷാപ്പിൽ സാനിറ്റൈസറും ഉറപ്പാക്കണം. ഇത് എക്സൈസ് ഉദ്യോഗസ്ഥരുടെയും ഷാപ്പ് ഉടമയുടേയും ഉത്തരവാദിത്തമായിരിക്കുമെന്നും എക്സൈസ് കമ്മിഷണർ വ്യക്തമാക്കുന്നു.