Kerala

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം; തിരുവോണത്തിനായി ഇനി പത്തുനാള്‍ കാത്തിരിപ്പ്

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. പത്തുനാള്‍ ഇനി മലയാളികള്‍ തിരുവോണത്തിനായുള്ള കാത്തിരിപ്പിലായിരിക്കും. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയുംപൂവിളികളുമായി വീട്ടു മുറ്റങ്ങളില്‍ ഇന്ന് മുതല്‍ പത്ത് നാള്‍ പൂക്കളം ഒരുങ്ങും.

അത്തം നാളില്‍ പൂക്കളമൊരുക്കി മലയാളികള്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.മുക്കൂറ്റിയും കാക്കപ്പൂവും തുമ്പപ്പൂവും പറമ്പുകളില്‍ ഇന്നില്ല. കാട്ടിലും മേട്ടിലും നടന്നു ശേഖരിച്ച പൂക്കളുടെ കാലം ഓര്‍മ്മയില്‍ ആണ്. ചാണകം മെഴുകി പൂക്കളം ഇടുന്ന രീതി നന്നേ കുറഞ്ഞുവെങ്കിലും സ്‌നേഹത്തിന്റെ കളങ്ങളിലേക്ക് പല വര്‍ണ്ണത്തിലുള്ള പൂക്കള്‍ ഇങ്ങനെ നിറയുന്നുണ്ട്.

കഥകളിയും വള്ളംകളിയും ദേവരൂപങ്ങളുമെല്ലാം പൂക്കളങ്ങള്‍ക്ക് ഇനിയുള്ള നാളുകളില്‍ ഡിസൈനുകളാകും. ചിങ്ങത്തിലെ അത്തം നാളില്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം കഴിഞ്ഞ് ചതയം നാള്‍ വരെ നീണ്ടു നില്‍ക്കും. ഓണക്കോടി വാങ്ങിയും സദ്യഒരുക്കിയും കൂട്ടായ്മയുടെയും സന്തോഷത്തിന്റെയും പത്തു നാളുകള്‍ ആണ് ഇനി മലയാളിക്ക് വരാനിരിക്കുന്നത്.