Kerala

കോണ്‍ഗ്രസ് സ്ഥാനാർഥി നിർണയത്തിലേക്ക്

എംപിമാരും തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളും സ്ഥാനാർഥികളുടെ പേരുകൾ നിർദേശിക്കണമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയിൽ ധാരണ. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം മാത്രം സ്ഥാനാർഥിപട്ടിക അന്തിമമായി നിശ്ചയിച്ചാൽ മതിയെന്നും തീരുമാനമായി.

രാത്രി എട്ടരയോടെ തുടങ്ങിയ യോഗം തീർന്നത് അർദ്ധരാത്രി 12 മണിയോടെ. വിവരങ്ങൾ ചോരരുതെന്ന കർശന നിർദ്ദേശവും നൽകി. നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള എംപിമാർ അതതു മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പേരുകൾ നിർദേശിക്കണം. സ്ഥാനാർത്ഥി മാനദണ്ഡങ്ങളും എഴുതി നൽകണം.തിരഞ്ഞെടുപ്പ് സമിതി അംഗങ്ങൾക്കും ഇത് ബാധകം. നിർദ്ദേശങ്ങൾ കെ.പി.സി.സി അധ്യക്ഷനാണ് കൈമാറേണ്ടത്. താഴെ തട്ടിൽ ഇനിയും സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് എ.ഐ.സി.സി. സെക്രട്ടറിമാർ ചൂണ്ടിക്കാട്ടി.

സോഷ്യൽ ഗ്രൂപ്പുകളുമായി ബന്ധം ശക്തമാക്കണമെന്നും നിർദ്ദേശമുയർന്നു. സ്വയം പ്രഖ്യാപിത സ്ഥാനാർഥികളായി ആരും രംഗത്ത് വരരുത്.. തിരഞ്ഞെടുപ്പ് ഏപ്രിൽ മാസം കഴിയാൻ സാധ്യതയുള്ളതിനാൽ സാധ്യതാ പട്ടിക പോലും പുറത്ത് പോകരുത്. തുടങ്ങിയ കർശന നിർദേശങ്ങളും യോഗത്തിലുണ്ടായി. കെ.പി.സി.സി അധ്യക്ഷനായിരിക്കണം തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്‍റെ പൂർണ ചുമതലയെന്ന് വയലാർ രവി യോഗത്തിൽ അഭിപ്രായപെട്ടു. എം.പിമാരുടെ നിർദേശങൾ പരിഗണിക്കണമെന്നായിരുന്നു ടി.എൻ പ്രതാപന്‍റെ ആവശ്യം.