India Kerala

ബാബരി മസ്ജിദ് ദിനം; ശബരിമലയിൽ കർശന സുരക്ഷ

ബാബരി മസ്ജിദ് ദിനമായ ഇന്ന് ശബരിമലയിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പൊലീസും കേന്ദ്രസേനയും സംയുക്തമായാണ് സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

നിലയ്ക്കൽ ,പമ്പ ,സന്നിധാനം എന്നിവിടങ്ങളിൽ സുരക്ഷ പരിശോധന കർശനമാക്കിയിട്ടുണ്ട് സന്നിധാനത്ത് മാത്രം ഒരു എസ്.പിയുടെ കീഴിൽ 1100 പൊലീസുകാർക്കാണ് സുരക്ഷാ ചുമതല .ഇതിന് പുറമെ കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട് . ട്രാക്ടറിലും തല ചുമടുമായും സന്നിധാനത്തേയ്ക്ക് കൊണ്ടു വരുന്ന സാധനങ്ങൾ പമ്പയിലും മരക്കൂട്ടത്തും പരിശോധിക്കും. പുൽമേട് വഴി വരുന്ന തീർത്ഥാടകരെയും കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസിന്റെയും വിവിധ സേനാവിഭാഗങ്ങളുടെയും റൂട്ട് മാർച്ച് ഇന്നലെ സന്നിധാനത്ത് നടന്നിരുന്നു.

സോപാനത്തിന് ഇടതുവശത്ത് നെയ്ത്തേങ്ങ ഉടയ്ക്കുന്നതിന് ഇന്ന് തീർത്ഥാടകർക്ക് അനുവാദമില്ല. പകരം മാളികപ്പുറത്തിന് സമീപമുള്ള നെയ്ത്തോണിയില്‍ തേങ്ങ ഉടയ്ക്കാം. പരമാവധി വി.ഐ.പി ദർശനങ്ങളും ഇന്ന് നിരുത്സാഹപ്പെടുത്തും. ദശലക്ഷക്കണക്കിന് ജലം സംഭരിക്കുന്ന ടാങ്കുകൾക്കും പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.