Kerala

മണ്ണാര്‍ക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി ഷംസുദ്ദീന്‍ തന്നെ മത്സരിക്കാന്‍ സാധ്യത

യുഡിഎഫിനും എൽഡിഎഫിനും തുല്യ ശക്തിയുള്ള മണ്ണാർക്കാട് മണ്ഡലത്തിൽ ഇത്തവണ തീപാറും പോരാട്ടം നടക്കും. മുസ്‌ലിം ലീഗിന്‍റെ എൻ. ഷംസുദ്ദീനാണ് നിലവിലെ എംഎൽഎ. വികസന പ്രശ്നങ്ങൾ ഉയർത്തി വോട്ട് തേടാനാണ് എൽഡിഎഫ് തീരുമാനം.

ഇടതുപക്ഷത്ത് നിന്ന് സിപിഐയും യുഡിഎഫിൽ നിന്ന് മുസ്‍ലിം ലീഗുമാണ് മണ്ണാർക്കാട് നിന്നും മത്സരിക്കാറുള്ളത്. കഴിഞ്ഞ നിയമസഭാ തെരത്തെടുപ്പിൽ 12325 വോട്ടിനാണ് എൻ ഷംസുദ്ദീൻ വിജയിച്ചത്. ഇത്തവണയും മികച്ച വിജയം യുഡിഎഫിന് ഉണ്ടാകുമെന്ന് ഷംസുദ്ദീൻ പറയുന്നു.

എൻ. ഷംസുദീൻ തന്നെ ഇത്തവണയും മത്സരിക്കാനാണ് സാധ്യത. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സാദിഖലി, മുൻ എം.എൽ.എ കളത്തിൽ അബ്ദുല്ല, കല്ലടി ബക്കർ എന്നിവരുടെ പേരുകളും ഉയർന്ന് വരുന്നുണ്ട്. യുഡിഎഫിൽ നിന്നും മണ്ഡലം തിരിച്ച് പിടിക്കാനാകുമെന്നാണ് എൽഡിഎഫ് കണക്ക് കൂട്ടൽ.

മണ്ണാർക്കാടിന്റെ മുൻ എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ജോസ് ബേബിയുടെ പേര് ഉയർന്ന് വന്നിരുന്നു. മൂന്ന് തവണ മത്സരിച്ചതിനാൽ ജോസ് ബേബിയെ മാറ്റിനിർത്തിയേക്കും. മണ്ഡലത്തിലെ നിറ സാന്നിധ്യവും എഐവൈഎഫ് ജില്ലാ പ്രസിഡന്‍റുമായ പി. നൗഷാദിന്‍റെ പേര് സജീവമായി ചർച്ച ചെയ്യുന്നുണ്ട്. സി.പി.ഐ ജില്ലാ സെക്രട്ടറി സുരേഷ് രാജ്, സി.പി സൈതലവി എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. ബി.ഡി.ജെ.എസിൽ നിന്നും മണ്ഡലം ബി.ജെ.പി തിരിച്ചെടുക്കാനാണ് സാധ്യത.