Kerala

എ വിജയരാഘവന്റെ ഭാര്യ വൈസ് പ്രിൻസിപ്പൽ; കേരളവർമ്മ പ്രിൻസിപ്പൽ രാജി വെച്ചു

തൃശൂര്‍ കേരളവര്‍മ കോളജ് പ്രിന്‍സിപ്പല്‍ രാജി വച്ചു. ഡോ. എ പി ജയദേവനാണ് രാജി വച്ചത്. വൈസ് പ്രിന്‍സിപ്പല്‍ നിയമനത്തില്‍ പ്രതിഷേധിച്ചാണ് രാജി. കൊച്ചി ദേവസ്വം ബോര്‍ഡിന് പ്രിന്‍സിപ്പല്‍ രാജിക്കത്ത് നല്‍കി.

സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആര്‍ ബിന്ദുവിനെ കോളജിന്റെ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചിരുന്നു. കോളജിലെ അധികാരം വൈസ് പ്രിന്‍സിപ്പിലിനും വീതിച്ച് നല്‍കിയിരുന്നു. കോളജില്‍ ആദ്യമായാണ് വൈസ് പ്രിന്‍സിപ്പല്‍ നിയമനം.

അക്കാദമിക്, വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, കോളജ് അക്രഡിറ്റേഷൻ തുടങ്ങി പ്രധാനപ്പെട്ട ചില ചുമതലകളും വൈസ് പ്രിൻസിപ്പലിന് നൽകി കൊണ്ട് ദേവസ്വം ബോർഡ് ഉത്തരവിറക്കി. ഈ നടപടിയിൽ പ്രതിഷേധിച്ചാണ് ജയദേവൻ
പ്രിൻസിപ്പൽ സ്ഥാനം ഒഴിഞ്ഞത്. ഏഴ് വർഷം കൂടി കാലാവധി ബാക്കിയുള്ളപ്പോഴാണ് ജയദേവൻ പദവി രാജിവച്ചത്

തന്നോട് കൂടിയാലോചന നടത്താതെയായിരുന്നു നിയമനമെന്നും രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുന്നത് ഭരണ പ്രതിസന്ധിയുണ്ടാക്കുമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞിട്ടുണ്ട്. വൈസ് പ്രിന്‍സിപ്പാളിനെ നിയമിക്കാനുള്ള സാഹചര്യത്തെ കുറിച്ചും ജയദേവന്‍ കത്തില്‍ ചോദിച്ചു. യുജിസി മാനദണ്ഡമനുസരിച്ചാണ് വൈസ് പ്രിന്‍സിപ്പലിനെ നിയമിച്ചതെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി