Kerala

സെഞ്ചുറി അടിക്കാന്‍ എല്‍ഡിഎഫ്; കോട്ട കാക്കാന്‍ യുഡിഎഫ്, വോട്ട് തട്ടാന്‍ എന്‍ഡിഎ; തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം

ഒരു മാസം നീണ്ട പ്രചാരണത്തിന് ഒടുവില്‍ തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലെത്തും. ഇന്ന് മണ്ഡലത്തില്‍ നിശബ്ദ പ്രചാരണ ദിനമാണ്. സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും അവസാനത്തെ വോട്ടും ഉറപ്പിക്കാനായി അരയും തലയും മുറുക്കി സജീവിമായി രംഗത്തുണ്ട്. ആരോപണ പ്രത്യാരോപണങ്ങള്‍…! സഭ മുതല്‍ വ്യാജ വീഡിയോ വരെ മണ്ഡലം ചര്‍ച്ച ചെയ്ത ശേഷമാണ് നാളെ തൃക്കാക്കര വിധിയെഴുതുന്നത്. നിശബ്ദ പ്രചാരണമായ ഇന്ന് ആളുകളെ നേരില്‍ കണ്ട് വോട്ടുറപ്പിക്കുന്ന തിരിക്കിലായിരിക്കും സ്ഥാനാര്‍ത്ഥികള്‍. മണ്ഡലത്തിലേയും ജില്ലയിലേയും നേതാക്കളോടൊപ്പമാകും സ്ഥാനാര്‍ത്ഥികളുണ്ടാകുക.

239 പോളിംഗ് ബൂത്തുകളിലായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജാസ് കോളജില്‍ രാവിലെ 7.30 മുതല്‍ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങും. ആകെ ഒരു ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി എണ്ണൂറ്റി അഞ്ച് വോട്ടര്‍മാരാണ് മണ്ഡത്തിലുളളത്. ഇതില്‍ 3633 കന്നിവോട്ടര്‍മാരാണ്. മണ്ഡലത്തില്‍ പ്രശ്‌ന ബാധിത ബൂത്തുകളോ പ്രശ്‌ന സാധ്യതാ ബൂത്തുകളോയില്ല. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ബൂത്തുകള്‍ ഒരുക്കുന്നത്. കൊച്ചി കോര്‍പ്പറേഷനിലെ 22 വാര്‍ഡുകളും തൃക്കാക്കര നഗരസഭയും ഉള്‍ക്കൊളളുന്നതാണ് മണ്ഡലം.

തൃക്കാക്കര ജനത പോളിംഗ് ബൂത്തിലെത്താന്‍ ഒരു ദിനം മാത്രം ശേഷിക്കെ വിജയം അവകാശപ്പെടുകയാണ് പ്രമുഖ മുന്നണികള്‍. പതിനായിരത്തിനും ഇരുപത്തി അയ്യായിരത്തിനും ഇടയില്‍ ഭൂരിപക്ഷം ഉമയ്ക്കു കിട്ടുമെന്നാണ് യുഡിഎഫ് കണക്ക്. അയ്യായിരത്തിനും എണ്ണായിരത്തിനും ഇടയില്‍ ഭൂരിപക്ഷത്തിന് ജോ ജയിക്കുമെന്നാണ് സിപിഐഎം ഘടകങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് നല്‍കിയ അന്തിമ റിപ്പോര്‍ട്ട്.

കലാശക്കൊട്ടിലെ പ്രവര്‍ത്തക പങ്കാളിത്തം കൂടി കണ്ടതോടെ തൃക്കാക്കരയില്‍ വിജയം ഉറപ്പിക്കുകയാണ് യുഡിഎഫ്. അന്തിമ കണക്കെടുപ്പിനൊടുവില്‍ ഡിസിസി നേതൃത്വം കെപിസിസിക്ക് നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച് ഉമയ്ക്ക് പതിനായിരത്തില്‍ കുറയാത്ത ഭൂരിപക്ഷം ഉറപ്പു പറയുന്നു. സ്ത്രീ വോട്ടര്‍മാരിലടക്കം സ്ഥാനാര്‍ഥിയെന്ന നിലയില്‍ ഉമയ്ക്ക് നേടാനായ സ്വാധീനം തരംഗമായി മാറിയേക്കാമെന്ന സൂചനയാണ് എഐസിസി നിയോഗിച്ച സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വേ റിപ്പോര്‍ട്ടില്‍ ഉളളത്. അങ്ങിനെയങ്കില്‍ 2011ല്‍ ബെന്നി ബെഹനാന്‍ നേടിയ ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷവും ഉമ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു യുഡിഎഫ്.

അടിത്തട്ട് ഇളക്കി നടത്തിയ പ്രചാരണത്തിന്റെ സ്വാധീനം കലാശക്കൊട്ടിലും കണ്ടെന്നാണ് സിപിഐഎം വിലയിരുത്തല്‍. ബൂത്തടിസ്ഥാനത്തിലെ മുഴുവന്‍ കണക്കുകളും ഇഴകീറി പരിശോധിച്ച ശേഷമാണ് സിപിഐഎം തൃക്കാക്കരയില്‍ അട്ടിമറി ഉണ്ടാകുമെന്ന് ആവര്‍ത്തിക്കുന്നത്. ബിജെപി വോട്ടുകള്‍ ഇരുപത്തി അയ്യായിരം കടന്നാല്‍ ജോ ജോസഫിന്റെ ഭൂരിപക്ഷം ഏഴായിരത്തിയഞ്ഞൂറിനപ്പുറം പോകുമെന്നും സിപിഐഎം വിലയിരുത്തുന്നു.

പി.സി ജോര്‍ജിലാണ് ബിജെപി പ്രതീക്ഷ. അവസാന ദിവസങ്ങളില്‍ ജോര്‍ജിനെ ചുറ്റിപ്പറ്റി ഉണ്ടായ വിവാദങ്ങള്‍ ഒരു വിഭാഗം ക്രൈസ്തവ വോട്ടുകളില്‍ സ്വാധീനമുണ്ടാക്കിയെന്നാണ് പാര്‍ട്ടി കണക്ക്. രാധാകൃഷ്ണന്റെ വോട്ട് ഇരുപതിനായിരം കടക്കുമെന്ന് ഉറപ്പിക്കുന്ന ബിജെപി അത് മുപ്പതിനായിരം വരെ എത്തിയാലും അതിശയിക്കേണ്ടി വരില്ലെന്നും പറഞ്ഞു വയ്ക്കുന്നു.