ബ്രഹ്മപുരത്തേക്കുള്ള കൊച്ചി കോര്‍പ്പറേഷന്‍ മാലിന്യവണ്ടികള്‍ തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ തടയും. ചെമ്പുമുക്കിലാണ് വാഹനങ്ങള്‍ തടയുക. സ്ഥലത്ത് ഭരണസമിതി അംഗങ്ങളും പൊലീസും എത്തിച്ചേര്‍ന്നിട്ടുണ്ട്. തൃക്കാക്കര നഗരസഭയുടെ മാലിന്യം കൂടി ബ്രഹ്മപുരത്തേക്ക് കൊണ്ടു പോകണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. തീപിടുത്തത്തിനുശേഷം ബ്രഹ്മപുരത്തേക്ക് കൊച്ചി കോര്‍പ്പറേഷന്‍ ഒഴികെയുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ മാലിന്യം കൊണ്ടു പോകുന്നില്ല. ഇതാണ് തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പന്റെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിന് കാരണമായത്.
ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് കൊച്ചി കോര്‍പ്പറേഷന്‍ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടു പോകുന്നതെന്ന് തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പന്‍ ആരോപിക്കുന്നു. കൊച്ചി കോര്‍പ്പറേഷനെതിരെ പൊലീസ് കേസെടുക്കണമെന്ന് ഉള്‍പ്പെടെ അജിത തങ്കപ്പന്‍ ആവശ്യപ്പെടുന്നു. കൊച്ചി കോര്‍പ്പറേഷന്‍ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടു പോകുന്നുണ്ടെങ്കില്‍ തൃക്കാക്കര നഗരസഭയുടേയും കൊണ്ടു പോകണം. ഇല്ലെങ്കില്‍ മാലിന്യവണ്ടികള്‍ തൃക്കാക്കര വഴി കടത്തി വിടില്ലെന്ന നിലപാടാണ് അവര്‍ വ്യക്തമാക്കുന്നത്. മാലിന്യ പ്രശ്‌നം പരിഹരിക്കുംവരെ സമരം തുടരുമെന്നും അജിത തങ്കപ്പന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
തങ്ങളുടെ പ്രതിഷേധത്തില്‍ രാഷ്ട്രീയമില്ലെന്നും ജനങ്ങളുടെ ആശങ്കയാണ് തങ്ങള്‍ ഈ പ്രതിഷേധത്തിലൂടെ അറിയിക്കാന്‍ ശ്രമിക്കുന്നതെന്നും അജിത തങ്കപ്പന്‍ പറഞ്ഞു. ഇപ്പോള്‍ ബയോബിനാണ് മാലിന്യനിക്ഷേപത്തിനായി തൃക്കാക്കരയില്‍ ഉപയോഗിക്കുന്നത്. റോഡുകളിലേക്കും തോടുകളിലേക്കും മാലിന്യം വലിച്ചെറിയുന്ന പ്രവണത ഇപ്പോള്‍ കൂടിയിട്ടുണ്ടെന്നും തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.