India Kerala

അട്ടിമറി നടന്നത് മൂന്ന് കുത്തക മണ്ഡലങ്ങളില്‍

മൂന്ന് കുത്തക മണ്ഡലങ്ങളില്‍ അട്ടിമറി സംഭവിച്ചുവെന്നതാണ് ഈ ഉപതെരഞ്ഞെടുപ്പിന്റെ സവിശേഷത. രണ്ട് മണ്ഡലങ്ങള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍ അരൂരിലെ എല്‍.ഡി.എഫ് ആധിപത്യത്തിന് ഷാനിമോള്‍ ഉസ്മാന്‍ തടയിട്ടു.

2016ലും 2109ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട വട്ടിയൂര്‍ക്കാവിലാണ് ഇത്തവണ എല്‍.ഡി.എഫ് വെന്നിക്കൊടി പാറിച്ചത്. ജനപ്രിയനായ സ്ഥാനാര്‍ഥിയെ അവതരിപ്പിച്ച് വിജയം കൊയ്യാമെന്ന ഇടത് തന്ത്രം സമ്പൂര്‍ണമായും ഫലം കണ്ടു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലായി അടൂര്‍ പ്രകാശും ആന്റോ ആന്‍റണിയും കൂറ്റന്‍ മുന്നേറ്റം കാഴ്ചവെച്ച കോന്നിയാണ് ഇടത് മുന്നേറ്റത്തില്‍ മൂക്കുകുത്തിയ മറ്റൊരു മണ്ഡലം. ത്രികോണ മത്സര പ്രതീതി സൃഷ്ടിച്ച മണ്ഡലത്തില്‍ ആശങ്കകളില്ലാത്ത വിജയം സാധ്യമാക്കാന്‍ കഴിഞ്ഞുവെന്നത് എല്‍.ഡി.എഫിന്റെ നേട്ടമാണ്.

രണ്ട് മണ്ഡലങ്ങള്‍ പിടിച്ചെടുത്ത ഇടതുപക്ഷത്തിന് പക്ഷെ അരൂരില്‍ അടിപതറി. 2016ല്‍ നാല്പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എ.എം ആരിഫ് വിജയഭേരി മുഴക്കിയ അരൂര്‍ പക്ഷെ ഇത്തവണ ഷാനിമോളിലൂടെ യു.ഡി.എഫ് തിരിച്ചെടുത്തു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ അരൂരില്‍ നേടിയ 648 വോട്ടിന്റെ ലീഡിന് തുടര്‍ച്ച സമ്പാദിക്കാനായി എന്നതാണ് യു.ഡി.എഫിന്റെ വിജയം. മൂന്ന് കുത്തക മണ്ഡലങ്ങളിലും മാറിമറിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ കാരണങ്ങളിലേക്കാവും ഇനി രാഷ്ട്രീയ കേരളത്തിന്റെ ചര്‍ച്ച വഴിമാറുക.