Kerala

തിരുവനന്തപുരം വിമാനത്താവളം സംസ്ഥാനത്തിനു നല്‍കണം: ഉമ്മന്‍ ചാണ്ടി

പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അതിന് മുന്‍ഗണന നല്‍കണമെന്നു ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവന്നിട്ടും കേന്ദ്രം അത് സ്വകാര്യമേഖലയ്ക്കു കൈമാറാനാണു തീരുമാനിച്ചത്. ഇത് ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ലേലത്തിനു പകരം ചര്‍ച്ചയിലൂടെ ധാരണയുണ്ടാക്കി സംസ്ഥാന സര്‍ക്കാരിനു കൈമാറണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സാധാരണഗതിയില്‍ നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളാണ് സ്വകാര്യവത്ക്കരിക്കുന്നത്. ലാഭകരമായും മാതൃകാപരമായും പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളത്തിന് 636 ഏക്കര്‍ സ്ഥലവുമുണ്ട്. 2017-18ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് ലഭിച്ചത് 136 കോടി രൂപയാണ്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തെ വില്ക്കുന്നതില്‍ വലിയ ദുരൂഹതയുണ്ട്.

പ്രത്യേക കമ്പനി രൂപീകരിച്ച് വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാം എന്നാണ് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചത്. രാജ്യത്തെ തന്നെ ആദ്യത്തെ സംയുക്ത സംരംഭമായ കൊച്ചി വിമാനത്താവളം, അതേ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയവ വിജയകരമായി നടത്തുന്ന അനുഭവസമ്പത്ത് കേരളത്തിനുണ്ട്. കൊച്ചി വിമാനത്താവളം രാജ്യത്തിനു തന്നെ മാതൃകയാണ്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലേല നടപടികളില്‍ പങ്കെടുത്തതാണ് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച. അദാനി ഗ്രൂപ്പിനേക്കാള്‍ ചെറിയ തുക ക്വാട്ട് ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ പുറത്തായി. അദാനിഗ്രൂപ്പ് എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് ഒരു യാത്രക്കാരന് 168 രൂപ വച്ച് കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ടെണ്ടറില്‍ പങ്കെടുത്ത കെഎസ്ഐഡിസി 135 രൂപ മാത്രമാണ് ക്വോട്ട് ചെയ്തത്. ലേലത്തില്‍ പങ്കെടുത്ത് പുറത്തായതുമൂലം തുടര്‍ന്നുള്ള നിയമപോരാട്ടത്തില്‍ സര്‍ക്കാരിന്റെ നില ദുര്‍ബലമായെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.