India Kerala

കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ കപ്പലിന്‍റെ രൂപരേഖ മോഷണം പോയി

കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ നിര്‍മ്മാണത്തിലിരുന്ന വിമാന വാഹിനി കപ്പലില്‍ നിന്നും മോഷണം പോയത് കപ്പലിന്‍റെ രൂപരേഖ. കേസില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തന്ത്രപ്രധാന മേഖലയില്‍ നടന്ന മോഷണം അതീവ ഗൗരവതരവും സുരക്ഷാ വീ‍ഴ്ചയുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കപ്പലിൽ സ്ഥാപിച്ചിരുന്ന 31 കംപ്യൂട്ടറുകളിൽ അഞ്ചെണ്ണത്തിൽ നിന്നാണ് ഹാർഡ് ഡിസ്ക് ഉൾപ്പടെയുള്ള പ്രധാന ഭാഗങ്ങൾ മോഷണം പോയിരിക്കുന്നത്. ഇവയിൽ അതീവ രഹസ്യ സ്വഭാവമുള്ള കപ്പലിന്റെ രൂപരേഖയും യന്ത്രസാമഗ്രി വിന്യാസം സംബന്ധിച്ച വിവരങ്ങളും ഭാഗികമായെങ്കിലും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പൊലീസ് വിലയിരുത്തുന്നത്. ഇതുസംബന്ധിച്ച് കൊച്ചി കമ്മിഷണർ വിജയ് സാഖറെ ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിച്ചു.

യന്ത്രസാമഗ്രികളുടെ വിന്യാസങ്ങള്‍ ഉള്‍പ്പെടെ തന്ത്രപ്രധാനമായ പലകാര്യങ്ങളും നഷ്ടപ്പെട്ട അഞ്ച് ഹാര്‍ഡ് ഡിസ്കുകളിലുണ്ട്. അതിനാല്‍ വലിയ സുരക്ഷാവീ‍ഴ്ചയും ഗൗരവകരമായ കുറ്റകൃത്യവുമാണ് നടന്നിട്ടുളളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹാര്‍ഡ് ഡിസ്ക് മോഷണം പോയതായി പൊലീസിന് പരാതി ലഭിക്കുന്നത്. നിലവിൽ കപ്പലിൽ കംപ്യൂട്ടർ ഇരിക്കുന്ന തന്ത്രപ്രധാനമേഖലയിലേക്ക് കടന്നുചെല്ലാന്‍ അനുമതിയുളളത് 52 തൊ‍ഴിലാളികള്‍ക്ക് മാത്രമാണ്. അവര്‍ക്കൊപ്പം തന്നെ അന്യസംസ്ഥാനക്കാരടക്കം 82ലധികം കരാര്‍ തൊ‍ഴിലാളികളും ജോലി ചെയ്യുന്നുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

തൊ‍ഴിലാളികളെ വിളിച്ചുവരുത്തി പ്രത്യേകം ചോദ്യം ചെയ്തുവരികയാണ്. കരാര്‍ തൊ‍ഴിലാളികള്‍ ഏറെയുളളതിനാല്‍ ചാരപ്രവൃത്തി സംബന്ധിച്ച സംശയങ്ങളും പരിശോധിക്കുന്നുണ്ട്. രാജ്യസുരക്ഷയെ സംബന്ധിച്ച വിവരങ്ങളൊന്നും കപ്പലില്‍ ഇല്ലെങ്കിലും ഒരു യുദ്ധ വിമാനക്കപ്പലെന്ന നിലയില്‍ ഇവയുടെ രൂപരേഖകള്‍ ചോര്‍ന്നത് ഗൗരവകരമാണ്. അതിനാല്‍ തന്നെ വിവിധ കേന്ദ്രഏജന്‍സികളും കൊച്ചിന്‍ കപ്പല്‍ശാലയും സി.ഐ.എസ്.എഫും സംഭവത്തില്‍ പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.