സെക്കന്‍റ് ഷോകൾ അനുവദിക്കാത്തതിനാൽ തിയറ്ററുകൾ അടച്ചിടാനുള്ള കടുത്ത തീരുമാനത്തിലേക്ക് ഫിലിം ചേംബർ. സർക്കാരിനോട് പല തവണ ആവശ്യപ്പെട്ടിട്ടും മറുപടി നൽകാത്തതിൽ ഫിലിം ചേംബറിന് അമർഷമുണ്ട്. തീരുമാനമെടുക്കാൻ ഫിലിം ചേംബർ അടിയന്തര യോഗം ഇന്ന് കൊച്ചിയിൽ വിളിച്ചു ചേർത്തിട്ടുണ്ട്.
കോവിഡ് കാലത്തെ സിനിമാ വ്യവസായത്തിലെ പ്രതിസന്ധികൾ സംഘടനകൾ സർക്കാരിന് മുമ്പാകെ അറിയിച്ചിരുന്നു. സെക്കന്‍റ് ഷോകൾ അടക്കം വേണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ഫിലിം ചേംബർ കത്ത് നൽകിയിരുന്നു. തിയറ്ററുകൾക്ക് വരുമാനത്തിന്റെ 40 ശതമാനവും സെക്കന്‍റ് ഷോയിലൂടെ ആണ് ലഭിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ തിയറ്ററുകൾ തുറന്നു പ്രവർത്തിക്കുന്നത് ഭീമമായ നഷ്ടം ഉണ്ടാക്കുന്നു. സെക്കന്‍റ് ഷോ അനുവദിക്കാത്തതിനാൽ രണ്ടാഴ്ചയായി പുതിയ സിനിമകൾ റിലീസ് ചെയ്തിട്ടില്ല.
സർക്കാരിൽ നിന്ന് അനുകൂല മറുപടി ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഫിലിം ചേംബർ യോഗം ഇന്ന് കൊച്ചിയിൽ വിളിച്ചു ചേർത്തത്. നിർമാതാക്കൾ, വിതരണക്കാർ, തിയറ്റർ ഉടമകൾ എന്നിവരുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുക. മന്ത്രി എ കെ ബാലൻ വ്യാഴാഴ്ച മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കാമെന്ന് അറിയിച്ചെങ്കിലും തിയറ്ററുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നത് അടക്കമുള്ള കടുത്ത തീരുമാനം ഇന്ന് യോഗത്തിൽ ഉണ്ടായേക്കും. നിർമാതാക്കളും വിതരണക്കാരും യോഗത്തിൽ ഇതേ നിലപാട് സ്വീകരിക്കാനാണ് സാധ്യത.