Kerala

മരം മുറിയില്‍ മുഖ്യമന്ത്രിക്കും പങ്ക്: പ്രതിപക്ഷ നേതാവ്

മുട്ടില്‍ മരം കൊള്ളയിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മാഫിയകളെ മരക്കച്ചവടക്കാരായി ചിത്രീകരിക്കാനാണ് സർക്കാർ ശ്രമം. കാനം രാജേന്ദ്രൻ മരംകൊള്ളക്ക് കുട പിടിക്കുന്നുവെന്നും സതീശൻ ആരോപിച്ചു.

മാഫിയകളെ മരക്കച്ചവടക്കാരായി ചിത്രീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. മുട്ടില്‍ മരം കൊള്ള നടന്ന പ്രദേശങ്ങള്‍ യുഡിഎഫ് സംഘം സന്ദർശിച്ചു.

വയനാട് മുട്ടിലില്‍ മരംമുറിക്കല്‍ നടന്ന സ്ഥലങ്ങള്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം സന്ദര്‍ശിച്ചു. പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി, എംഎല്‍എമാരായ എം കെ മുനീര്‍, പി ടി തോമസ്, മോന്‍സ് ജോസഫ്, ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണന്‍ എന്നിവരും മറ്റ് ഘടകകക്ഷി നേതാക്കളും ഒപ്പമുണ്ടായിരുന്നു. മുഖ്യപ്രതികള്‍ ആദിവാസികളെ കബളിപ്പിച്ച് മരംമുറിച്ചതായി പരാതി ഉയര്‍ന്ന കോളനികളും സംഘം സന്ദര്‍ശിച്ചു.

കേരളത്തില്‍ വ്യാപകമായി നടന്ന മരംകൊള്ള സര്‍ക്കാറിന്റെ അറിവോടെയെന്ന് വി ഡി സതീശന്‍ ആരോപിച്ചു. ആദിവാസികളെ കബളിപ്പിച്ച് മരം മുറിച്ചിട്ടും മാഫിയയ്ക്ക് രക്ഷപ്പെടാന്‍ ആദിവാസികളെ പ്രതി ചേര്‍ക്കുകയാണ് സര്‍ക്കാര്‍. മുഖ്യപ്രതികള്‍ക്കെതിരെ പട്ടിക ജാതി പീഡന നിരോധന നിയമ പ്രകാരം എന്തുകൊണ്ട് കേസെടുക്കുന്നില്ല. രണ്ടു വകുപ്പുകളും കൈകാര്യം ചെയ്ത സിപിഐയും സെക്രട്ടറി കാനം രാജേന്ദ്രനും മരംമാഫിയയ്ക്ക് കുടപിടിക്കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. ഹൈക്കോടതി മേല്‍നോട്ടത്തിലുള്ള ജുഡീഷ്യല്‍ അന്വേഷണം ഉണ്ടായില്ലെങ്കില്‍ പ്രതിപക്ഷം സമരം ആരംഭിക്കുമെന്നും മുട്ടില്‍ മരംമുറിക്കല്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം വി ഡി സതീശന്‍ പറഞ്ഞു.