കേരളത്തിൽ ഈ മാസം 27ന് കാലവർഷം ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ഞായറാഴ്ചയോടെ കാലവർഷം എത്തിച്ചേരും. ഇതിന്റെ അടിസ്ഥാനത്തിലാണ് മെയ് 27ന് കാലവർഷം കേരളത്തിൽ എത്തുമെന്ന നിഗമനത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എത്തിച്ചേർന്നത്. സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും കാലവർഷത്തിന് മുന്നോടിയായി മഴ കനക്കും. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കൻ ആൻഡമാൻ കടലിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലും മെയ് 15 ഓടെ കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. സാധാരണയിലും 7 ദിവസം നേരത്തെ ബംഗാൾ ഉൾക്കടലിൽ കാലവർഷം എത്തിച്ചേരാനാണ് സാധ്യത.
സാധാരണ മെയ് 22 ആണ് തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ കാലവർഷം എത്തിച്ചേരുന്ന തീയതി. അവിടെ നിന്ന് സാധാരണയായി 10 ദിവസം എടുത്ത് ജൂൺ 1 ന് ആണ് കേരളത്തിൽ സാധാരണ കാലാവർഷം എത്തിച്ചേരാറുള്ളത്. അങ്ങനെയെങ്കിൽ ഇത്തവണ കേരളത്തിൽ പതിവിലും നേരത്തെ കാലവർഷം എത്തിച്ചേരാനാണ് സാധ്യത.