കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി ഇന്നും ഡൽഹിയിൽ ചേരും. എം.പിമാരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് സാധ്യത പട്ടികക്ക് അന്തിമ രൂപം നൽകുന്നത്. ശേഷം നാളെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേർന്ന് പട്ടികക്ക് അംഗീകാരം നൽകും.
സ്ഥാനാർഥി നിർണയത്തിൽ പരാതികൾ പരമാവധി ഒഴിവാക്കാനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്. അതിനാൽ ഓരോ എം.പിമാരുടെയും നിർദേശങ്ങൾ പ്രത്യേകം കേൾക്കുന്നുണ്ട്. ഇന്നും തുടരുന്ന സ്ക്രീനിംഗ് കമ്മിറ്റി യോഗ ശേഷം സാമുദായിക പരിഗണനകൾ കണക്കിലെടുത്ത് 2 പേരുകൾ വീതമുള്ള അന്തിമ പട്ടിക തയ്യാറാക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് നാളെയാണ് പട്ടിക കൈമാറുക. വിജയ സാധ്യത മാത്രമാകണം മാനദണ്ഡമെന്നാണ് എംപിമാർ സ്ക്രീനിംഗ് കമ്മിറ്റിയോട് ആവശ്യപ്പെട്ടത്.
5 തവണ മൽസരിച്ചവരെ ഒഴിവാക്കണമെന്ന് ടി. എൻ പ്രതാപൻ എം.പി ആവശ്യപ്പെട്ടു. യുവ പ്രാതിനിധ്യം സംബന്ധിച്ച് യൂത്ത് കോൺഗ്രസ് ഉയർത്തിയ ആശങ്കയും ഇന്നത്തെ യോഗം ചർച്ച ചെയ്യും. യുവാക്കൾക്കും വനിതകൾക്കും മതിയായ പരിഗണന നൽകണമെന്ന് രാഹുൽ ഗാന്ധി നിർദേശം നൽകിയിട്ടുണ്ട്.