രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യനയപ്രഖ്യാപനം ഇന്ന് നടക്കും. രാവിലെ ഒമ്പത് മണിക്കാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നത്. കോവിഡ് പ്രതിരോധത്തിലും ജനക്ഷേമപ്രവര്‍ത്തനങ്ങളിലും ഊന്നിയായിരിക്കും നയപ്രഖ്യാപനം. കഴിഞ്ഞദിവസം സഭയിലെത്താതിരുന്ന എം.എല്‍.എമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നതിനിടയില്‍ നടക്കുന്ന നയപ്രഖ്യാപനത്തില്‍ ആരോഗ്യമേഖലയ്ക്കായിരിക്കും കൂടുതല്‍ പ്രാധാന്യം. ദാരിദ്ര്യ നിര്‍മ്മാജനം, എല്ലാവര്‍ക്കും പാര്‍പ്പിടം, സ്മാര്‍ട്ട് കിച്ചന്‍ തുടങ്ങിയ കാര്യങ്ങളും നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടും. ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതടക്കമുള്ള ജനക്ഷേമപദ്ധതികളുടേയും ഹൈസ്പീഡ് റെയില്‍ അടക്കമുള്ള വന്‍കിട പദ്ധതികളെക്കുറിച്ചും നയപ്രഖ്യാപനത്തില്‍ പരാമര്‍ശമുണ്ടാകും.
മന്ത്രി വി. അബ്ദുറഹ്മാന്‍, നെന്‍മാറ എം.എല്‍.എ കെ. ബാബു, കോവളം എം.എല്‍.എ എം. വിന്‍സന്‍റ് എന്നിവര്‍ ആരോഗ്യപ്രശ്നങ്ങള്‍ കാരണം കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. ഇതില്‍ വി. അബ്ദുറഹ്മാന്‍, കെ. ബാബു എന്നിവര്‍ രാവിലെ എട്ട് മണിക്ക് സ്പീക്കര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യും. കോവിഡ് ബാധിതനായി വിശ്രമത്തിലുള്ള എം. വിന്‍സന്‍റ് വരും ദിവസങ്ങളിലേ സഭയിലെത്തൂ. തിങ്കാഴ്ച മുതല്‍ ബുധനാഴ്ച വരെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും. വെള്ളിയാഴ്ചയാണ് പുതിയ സര്‍ക്കാരിന്‍റെ ആദ്യബജറ്റ്. തോമസ് ഐസക് ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കൊപ്പം കൂട്ടിച്ചേര്‍ക്കണ്ട കാര്യങ്ങളും പുതിയ ബജറ്റില്‍ കെ. എന്‍ ബാലഗോപാല്‍ പ്രഖ്യാപിക്കും. ജൂണ്‍ ഏഴ് മുതല്‍ ഒമ്പത് വരെ ബജറ്റിന്‍മേലുള്ള പൊതുചര്‍ച്ച നടക്കും. 14ന് നാല് മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൌണ്ട് പാസാക്കി സഭ പിരിയാനാണ് നിലവിലെ തീരുമാനമെങ്കിലും കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സഭ വെട്ടിച്ചുരുക്കിയേക്കും.