വിദേശ നാണയ പരിപാല ചട്ടം ലംഘിച്ചെന്ന കേസില്‍ കിഫ്ബിയുടെ ഉയർന്ന ഉദ്യോഗസ്ഥർക്ക് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് വീണ്ടും നോട്ടീസ് അയക്കും. പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉദ്യോഗസ്ഥരെ അയക്കില്ലെന്ന കിഫ്ബിയുടെ വാദം നിലനിൽക്കില്ലന്ന് ഇ.ഡിക്ക് നിയമോപദേശം ലഭിച്ചു. കിഫ്ബി ഡെപ്യൂട്ടി എം.ഡി വിക്രംജിത്ത് സിംഗ സി.ഇ.ഒ കെ.എം എബ്രഹാം എന്നിവരോട് ഹാജരാകാൻ ആവശ്യപ്പെട്ടായിരുന്നു എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരുന്നത്.
എന്നാൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിനായി വിട്ടുനൽകില്ലെന്ന കടുത്ത നിലപാടാണ് സർക്കാറും കിഫ്ബിയും സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനാകില്ലെന്ന് ചൂണ്ടിക്കാണിച്ച് ഇ.ഡിയുടെ സമൻസിന് കിഫ്ബി മറുപടിയും നൽകി. എന്നാൽ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് പെരുമാറ്റച്ചട്ടം ബാധകമല്ലന്ന് ഇ.ഡി നിയമോപദേശം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇ.ഡി ഉദ്യോഗസ്ഥർക്ക് വീണ്ടും നോട്ടീസയക്കും. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ഇ.ഡിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിലാണ് സർക്കാർ.