Kerala

ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കുന്നത് പരിഗണനയിലാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കുന്നത് പരിഗണനയിലാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രതിദിനം പ്രവേശിപ്പിക്കാവുന്ന തീർത്ഥാടകരുടെ എണ്ണം 5000 ആക്കും. മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവരുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. അതേസമയം കോവിഡ് മാനദണ്ഡ പ്രകാരം, തീർത്ഥാടക നിയന്ത്രണം ഏർപ്പെടുത്തിയ ശബരിമലയിൽ, ഇന്നലെ കൂടുതൽ തീർത്ഥാടകരെത്തി. രണ്ടായിരം പേരാണ് ഇന്നലെ ദർശനം നടത്തി മടങ്ങിയത്. എല്ലാവരെയും സുരക്ഷിതമായി മലയിറക്കാൻ സാധിച്ചുവെന്ന് സന്നിധാനം സ്പെഷ്യൽ ഓഫിസർ ബി. കൃഷ്ണകുമാർ പറഞ്ഞു. ഇന്നും രണ്ടായിരം തീർത്ഥാടകർ മലയിലെത്തും. തീർത്ഥാടനകാലം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് രണ്ടായിരം പേർ സന്നിധാനത്ത് എത്തുന്നത്.

കോവിഡ് മാനദണ്ഡങ്ങളും പരിശോധനകളും കൃത്യമായി നടത്താൻ സാധിക്കുമോ എന്നതായിരുന്നു പ്രധാന പ്രശ്നം. നിലയ്ക്കലിൽ സജീകരിച്ചിരിക്കുന്ന പരിശോധന കേന്ദ്രങ്ങളിൽ എല്ലാവരെയും പരിശോധിച്ച്, നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയാണ് പമ്പയിലേയ്ക്ക് വിടുന്നത്.

ആദ്യ ദിവസമായ ഇന്നലെ ബുദ്ധിമുട്ടുകളില്ലാതെ തീർത്ഥാടകർക്ക് മലകയറാൻ സാധിച്ചു. നടപ്പന്തലിൽ 357 ഇടങ്ങളാണ് സാമൂഹിക അകലം പാലിയ്ക്കുന്നതിനായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇവിടെയും പതിനെട്ടാം പടിയിലും ബുദ്ധിമുട്ടില്ലാതെ തീർത്ഥാടകരെ നിയന്ത്രിയ്ക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ സന്നിധാനത്ത് പരിമിതികളുണ്ട്. തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കണമെന്ന ദേവസ്വം ബോർഡിന്‍റെ ആവശ്യം സർക്കാറിന്‍റെ പരിഗണനയിലാണ്. ഇന്നത്തെ ക്രമീകരണങ്ങൾ കൂടി നോക്കിയാകും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുക. എണ്ണം കൂട്ടുന്ന കാര്യത്തിൽ ആരോഗ്യവകുപ്പിന്‍റെ നിലപാടാണ് ഏറെ പ്രധാനം.