Kerala

തോൽവിയുണ്ടായ മണ്ഡലംകമ്മിറ്റികളും അഴിച്ചുപണിയാനൊരുങ്ങി കോൺഗ്രസ്

തദ്ദേശ തെരഞ്ഞെടുപ്പിൽ തോൽവിയുണ്ടായ മണ്ഡലംകമ്മിറ്റികളും അഴിച്ചുപണിയാനൊരുങ്ങി കോൺഗ്രസ്. പ്രാദേശിക തലങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങൾ തുടരുന്ന കമ്മിറ്റികൾക്കെതിരെയാണ് നടപടിയെടുക്കുക. ഡി.സി.സി നേതൃത്വങ്ങളുമായായി നടന്ന ചർച്ചകളെ തുടർന്നാണ് പ്രാദേശിക തലങ്ങൾ പുനസംഘടിപ്പിക്കുന്നതിന് ധാരണയായത്. അതേസമയം വെൽഫെയർ പാർട്ടിയുമായി ഉണ്ടാക്കിയ നീക്കുപോക്ക് തിരിച്ചടിയായെന്ന് ഡി.സി.സി നേതൃത്വങ്ങൾ കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചു.

തോൽവിയുടെ ആഘാത പഠനം താഴേതട്ടിലേക്ക് എത്തിച്ച് പരിഹാര നടപടികളിലേക്ക് കടക്കുകയാണ് കോൺഗ്രസ്. പല സ്ഥലങ്ങളിലേയും പരാജയ കാരണം സ്ഥാനാർഥി നിർണയത്തിൽ നടന്ന അനാവശ്യ ഇടപെടലായിരുന്നുവെന്നായിരുന്നു ഡി.സി.സി നേതൃത്വങ്ങളുടെ പരാതി. സ്ഥാനാർഥി നിർണയത്തിൽ ഗ്രൂപ്പ് തിരിച്ച വീതം വെക്കലുകളുണ്ടായി. ഇത് അതാത് സ്ഥലങ്ങളിലെ ആഭ്യന്തര പ്രശ്നം രൂക്ഷമാക്കി. ഇതോടെ വിമതരെ നിയന്ത്രിക്കാനാകാതെയായി. തുടർന്ന് തോൽവിയുടെ ആഴം കൂടി. ഇത്തരം പ്രശ്നങ്ങളുണ്ടായ മണ്ഡലം കമ്മിറ്റികൾ അഴിച്ചുപണിയണമെന്ന ഡി.സി.സി നേതൃത്വങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടു.

വെൽഫെയർ പാർട്ടിയുമായി ഉണ്ടാക്കിയ നീക്കു പോക്ക് തിരിച്ചടിയായി എന്നാണ് അധികം പേരും സാക്ഷ്യപ്പെടുത്തിയത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ചില സ്ഥലങ്ങളിൽ നേട്ടങ്ങളുണ്ടായെങ്കിലും മറ്റ് സ്ഥലങ്ങളിൽ വലിയ തിരിച്ചടിയുണ്ടായെന്നും വിലയിരുത്തപ്പെട്ടു. കണ്ണൂർ ജില്ലയിൽ മലയോര മേഖലയിലെ വോട്ട് ചോർച്ച കേരള കോൺഗ്രസ് ജോസ് വിഭാഗം മുന്നണി വിട്ടതുകൊണ്ടു സംഭവിച്ചതെല്ലന്നായിരുന്നു കണ്ണൂർ ഡി.സി.സിയുടെ നിലപാട്. കാസര്‍കോട് മുതൽ പാലക്കാട് വരെയുള്ള ആറ് ജില്ലകളുടെ വിലയിരുത്തലാണ് ഇന്നലെ കെ.പി.സി.സി ആസ്ഥാനത്ത് നടന്നത്. ഇന്ന് കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളുടെ അവലോകനം നടക്കും. ബാക്കി അഞ്ച് ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രകടനം ശനിയാഴ്ച വിലയിരുത്തും.